യുഎഇയിൽ മിസൈൽ ആക്രമണവുമായി ഇറാൻ ; മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക് ; അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് ഇന്ത്യ
അബുദാബി : പശ്ചിമേഷ്യയെ വീണ്ടും സംഘർഷഭരിതമാക്കി യുഎഇയിൽ മിസൈൽ ആക്രമണം നടത്തി ഇറാൻ. യുഎഇയിലെ ഫുജൈറയിലുള്ള പെട്രോളിയം വ്യവസായ മേഖലയ്ക്ക് (FOIZ) നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ചയുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു. ഏപ്രിൽ 8-ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷമുള്ള ആദ്യത്തെ പ്രധാന ആക്രമണമാണിത്. ഡ്രോൺ പതിച്ചതിനെത്തുടർന്ന് എണ്ണ സംഭരണ കേന്ദ്രത്തിന് സമീപം വലിയ തീപിടുത്തമുണ്ടായി. ഫുജൈറ സിവിൽ ഡിഫൻസ് വിഭാഗം മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മൂന്ന് ഇന്ത്യക്കാരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് യുഎഇ അധികൃതർ അറിയിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സംഭവത്തെ ശക്തമായി അപലപിച്ചു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും നിരപരാധികളെയും ലക്ഷ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല എന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്




