April 12, 2026

ദൃശ്യ വധക്കേസ് പ്രതി വിനീഷ് വിനോദ് (26) മുംബൈയിൽ പിടിയിലായി

  • April 12, 2026
  • 1 min read

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് അതിസാഹസികമായി ചാടിപ്പോയ ദൃശ്യ വധക്കേസ് പ്രതി വിനീഷ് വിനോദ് (26) മുംബൈയിൽ പിടിയിലായി. മഞ്ചേരി നറുകര സ്വദേശിയായ വിനീഷിനെ മുംബൈ പോലീസിന്റെ സഹായത്തോടെയുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.

കുതിരവട്ടം കേന്ദ്രത്തിലെ ശുചിമുറിയുടെ ഭിത്തി സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് തുരന്നാണ് ഇയാൾ 104 ദിവസം മുമ്പ് രക്ഷപ്പെട്ടത്. കഴിഞ്ഞ ഡിസംബർ 29-നായിരുന്നു സിനിമയെ വെല്ലുന്ന രീതിയിലുള്ള വിനീഷിന്റെ രക്ഷപ്പെടൽ.

ഇയാളെ കണ്ടെത്താനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. മുംബൈയിൽ ബോട്ട് ജെട്ടിക്ക് സമീപം മീൻപിടുത്ത തൊഴിലാളികൾക്കിടയിൽ ഒളിവിൽ കഴിയവെയാണ് പോലീസ് സംഘം ഇയാളെ തിരിച്ചറിഞ്ഞത്.

2021 ജൂണിലായിരുന്നു പെരിന്തൽമണ്ണ ഏലംകുളത്ത് വെച്ച് ദൃശ്യ എന്ന യുവതിയെ വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ വിനീഷ് ക്രൂരമായി കൊലപ്പെടുത്തിയത്. എൽഎൽബി വിദ്യാർത്ഥിയായിരുന്നു ദിവ്യ. പ്ലസ് ടു മുതൽ ദിവ്യയുടെ പുറകേ പ്രണയാഭ്യർത്ഥനയുമായി യുവാവ് ഉണ്ടായിരുന്നു.

ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ പെരിന്തൽമണ്ണയിലെ സി.കെ. ടോയ്സ് എന്ന സ്ഥാപനം രാത്രിയിൽ തീയിട്ട് കത്തിച്ച ശേഷം പ്രതി വിനീഷ് വീട്ടിൽ അതിക്രമിച്ചു കയറി രണ്ടാം നിലയിലെത്തി കിടപ്പുമുറിയിൽവച്ചാണ് ദൃശ്യയെ കുത്തിയത്. ദൃശ്യയുടെ നിലവിളി കേട്ട് ഓടിവന്ന് തടയാൻ ശ്രമിക്കുന്നതിനിടെ സഹോദരി സഹോദരി ദേവശ്രീ(13) കുത്തേറ്റു.

ദൃശ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ദേവശ്രീ വർഷങ്ങളോളം ചികിത്സയിൽ ആയിരുന്നു. ഇവർക്ക് നെഞ്ചിലും കയ്യിലും കുത്തേറ്റിരുന്നു. സംഭവസമയം ദൃശ്യയും സഹോദരിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ദൃശ്യയുടെ പിതാവിന്റെ കടയിലെ തീ പിടുത്തം അണക്കാൻ നാട്ടുകാരും ഫയർഫോഴ്സും കഠിനപ്രയത്നം നടക്കുമ്പോഴും അവരുടെ വീട്ടിൽ ഇങ്ങനെ ഒരു സംഭവം നടന്നത് നാട്ടുകാർ അറിഞ്ഞിരുന്നില്ല. കൊലപാതകത്തിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോയിൽ കയറിയ പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. യുവതിയെ ശല്യം ചെയ്തിന് മൂന്ന് മാസം മുൻപ് പ്രതിയെ താക്കീത് ചെയ്തിരുന്നു.

കൊലപാതകത്തിന് ശേഷം കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന വിനീഷ് അവിടെ വെച്ച് ആത്മഹത്യാശ്രമം നടത്തിയതിനെ തുടർന്നാണ് ചികിത്സയ്ക്കായി കുതിരവട്ടത്ത് എത്തിച്ചത്. പ്രതി മുംബൈയിലേക്ക് കടന്നെന്ന സൂചന ലഭിച്ചതിനെ തുടർന്ന് രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ തെരച്ചിലാണ് ഒടുവിൽ ഫലം കണ്ടത്.

മെഡിക്കൽ കോളേജ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കേരളത്തിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *