April 12, 2026

സ്ട്രോങ്ങ് റൂം തുറക്കാൻ നിർദേശം നൽകിയെന്ന ആരോപണം; വിശദീകരണവുമായി മലപ്പുറം ജില്ലാ കളക്ടർ

  • April 12, 2026
  • 0 min read
സ്ട്രോങ്ങ് റൂം തുറക്കാൻ നിർദേശം നൽകിയെന്ന ആരോപണം; വിശദീകരണവുമായി മലപ്പുറം ജില്ലാ കളക്ടർ

മലപ്പുറം :മലപ്പുറത്ത് സ്ട്രോങ്ങ് റൂം തുറക്കാൻ നിർദേശം നൽകിയെന്ന ആരോപണങ്ങളിൽ വിശദീകരണവുമായി മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഐഎഎസ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത് ത്രിതല സുരക്ഷാ സംവിധാനങ്ങളോടെയാണ് റിസർവ് വോട്ടിംഗ് യന്ത്രങ്ങൾ രാഷ്ട്രീയ പാർട്ടികളെ അറിയിച്ചതിന് ശേഷമാണ് മാറ്റാറുള്ളതെന്നും അതിനായി നിയമാനുസൃതമായ നടപടിയാണ് സ്വീകരിക്കാറുള്ളതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശ പ്രകാരമാണ് നടപടി സ്വീകരിക്കാറ് ഇതിന് വിരുദ്ധമായി പ്രചരിക്കുന്ന കാര്യങ്ങൾ ശരിയല്ലെന്നും ജില്ലാ കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.സ്ട്രോങ്ങ് റൂം തുറക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്ത് വന്നിരുന്നു ഈ പശ്ചാത്തലത്തിലാണ് കളക്ടറുടെ പ്രതികരണം.വോട്ടെടുപ്പിൽ ഉപയോഗിച്ച എല്ലാ വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് പൂർത്തിയായ ശേഷം അതേ ദിവസം തന്നെ സീൽ ചെയ്തു അതത് മണ്ഡലങ്ങളുടെ സ്ട്രോങ് റൂമുകളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പൂർണ്ണമായ വീഡിയോഗ്രഫി, സി സി ടി വി സംവിധാനങ്ങളോട് കൂടി സീൽ ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. കേന്ദ്ര സായുധ സേന ഉൾപ്പെടെയുള്ള ത്രിതല സുരക്ഷാ സംവിധാനത്തോടെയാണ് പ്രസ്തുത വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.വോട്ടെടുപ്പിന് ഉപയോഗിക്കാത്ത റിസർവ് വോട്ടിംഗ് യന്ത്രങ്ങളാണ് ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ചട്ടപ്രകാരം അറിയിച്ച ശേഷം ജില്ലാതല ഇ വി എം വെയർ ഹൗസിലേക്ക് മാറ്റാറുള്ളത്. ഇത് എല്ലാ തിരഞ്ഞെടുപ്പുകളിലും സ്വീകരിക്കുന്ന നിയമാനുസൃതമായ പ്രക്രിയയാണ്. തിരഞ്ഞെടുപ്പ് കമീഷൻ്റെ കൃത്യവും ലിഖിതവുമായ മാർഗനിർദേശങ്ങൾ പ്രകാരമാണ് ഇതുൾപ്പെടെയുള്ള എല്ലാ തിരഞ്ഞെടുപ്പ് നടപടികളും സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രതിനിധികളെയും സ്ഥാനാർഥികളെയും അറിയിക്കാതെ വോട്ടിങ് മെഷീനുകൾ സംബന്ധിച്ചതോ പൊതുവായതോ ആയ ഒരു ഇലക്ഷൻ നടപടിയും സ്വീകരിക്കാറില്ല. ഇതിന് വിരുദ്ധമായി പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *