വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് വിദ്യാർഥിനിയെ ഹെബ്ബാളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഹെബ്ബാളിലെ മനോരായണപാളയയിലെ തനുശ്രീയെ (17) യെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ, പോലീസിനെ വിവരംഅറിയിച്ചത് രാത്രി പത്തോടെയാണ്. ഇതോടെ മരണത്തിൽ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് തനുശ്രീയുടെ പിതാവിന്റെ വീട്ടുകാർ രംഗത്തെത്തി.
പി.യു.സി. പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് മകൾ ജീവനൊടുക്കിയതെന്നാണ് മാതാവ് വ്യാഴാഴ്ച പോലീസിന് മൊഴിനൽകിയത്. രാത്രി പത്തു മണിക്കാണ് അമ്മയും നാലുപേരുംചേർന്ന് തനുശ്രിയെ കയറിൽനിന്ന് താഴെയിറക്കി ബന്ധുക്കളെ വിവരം അറിയിച്ചത്. എന്നാൽ, വെള്ളിയാഴ്ച വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണംനടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയെന്നാണ്. ഇതോടെയാണ് ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഹെബ്ബാൾ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.



