അൻവർ ജയിച്ചാൽ വെറും എം.എൽ.എ ആയിരിക്കില്ല, ബേപ്പൂരിന് ഒരു സമ്മാനം ഉണ്ടാകും, വൻപ്രഖ്യാപനവുമായി വി.ഡി. സതീശൻ
‘ബേപ്പൂർ: തീപാറും പോരാട്ടം നടക്കുന്ന ബേപ്പൂർ മണ്ഡലത്തിൽ വൻപ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറായ യു.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവർ ജയിച്ചാൽ വെറും എം.എൽ.എ ആയിട്ടല്ല നിയമസഭയിലേക്ക് വരികയെന്നാണ് സതീശൻ പറഞ്ഞത്. ജയിച്ച് ഭരണത്തിലേറിയാൽ മന്ത്രിസ്ഥാനം നൽകുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.‘ജനങ്ങളുടെ സർവേ ഉണ്ട്. ആ സർവേയിൽ നൂറിലധികം സീറ്റുമായി നമ്മുടെ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് വരും. ബേപ്പൂരിൽ നിന്ന് ബേപ്പൂർ സുൽത്താനായി നമ്മുടെ പി.വി.അൻവർ നിയസഭയിലേക്ക് വരും. വെറും എം.എൽ.എ ആയിട്ടായിരിക്കില്ല വരുന്നത്. മനസ്സിലായല്ലോ? നല്ല ഭൂരിപക്ഷത്തിൽ ജയിക്കും. അങ്ങനെ ജയിപ്പിച്ചാൽ ബേപ്പൂരിന് ഒരു സമ്മാനം ഉണ്ടാകും. ഇനി വിശ്രമമില്ലാതെ പ്രവർത്തിക്കുക, നല്ല ഭൂരിപക്ഷത്തിൽ ജയിക്കണം’ -അദ്ദേഹം പറഞ്ഞു.




