സംസ്ഥാനത്തെ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലേയും സ്ഥാനാർഥി താനാണെന്ന് കരുതി ടിഎംസിക്ക് വോട്ട് ചെയ്യണമെന്ന് തൃണമൂൽകോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായി മമത ബാനർജി.

കൊൽക്കത്ത: സംസ്ഥാനത്തെ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലേയും സ്ഥാനാർഥി താനാണെന്ന് കരുതി ടിഎംസിക്ക് വോട്ട് ചെയ്യണമെന്ന് തൃണമൂൽകോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായി മമത ബാനർജി. പശ്ചിമ മെദിനിപ്പൂരിലെ ചന്ദ്രകോണയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു മമതയുടെ ആഹ്വാനം. സ്ഥാനാർഥികളിലല്ല, തന്റെ നേതൃത്വത്തിൽ വിശ്വാസം അർപ്പിക്കണമെന്നും മമത ആവശ്യപ്പെട്ടു.
സുവേന്ദു അധികാരി ഭവാനിപൂരിലും നന്ദിഗ്രാമിലും പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് മമതയുടെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ബിജെപി ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങാനാണ് മമതയുടെ തീരുമാനം. ഏപ്രിൽ 23, ഏപ്രിൽ 29 തീയതികളിലായി രണ്ട് ഘട്ടമായാണ് ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടത്തുന്നുണ്ടെന്ന് മമത റാലിയിൽ ആരോപിച്ചു. ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറെ കണ്ട് ആക്ഷേപം ഉന്നയിച്ചതുൾപ്പടെ മമത റാലിയിൽ പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച മമത, ജനങ്ങളുടെ പൗരത്വവും ജനാധിപത്യ അവകാശങ്ങളും തട്ടിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

