ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം : ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എൻഡിഎയുടെ എല്ലാ സഖ്യകക്ഷികളും പങ്കെടുത്തു. ‘വികസിത കേരളം, മോദിക്കൊപ്പം’ എന്ന മുദ്രാവാക്യമുയർത്തിയാണ് ബിജെപി ഇത്തവണ വോട്ടർമാരെ സമീപിക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി നടപ്പാക്കുമെന്നും തിരുവനന്തപുരം മുതൽ കണ്ണൂര്‍ വരെയുള്ള അതിവേഗ പാത യാഥാര്‍ഥ്യമാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തിൽ രണ്ട് എൽപിജി സിലിണ്ടര്‍ സൗജന്യമായി നൽകും, ഒരോ വീടിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്. കേരളത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സിൽവർ ലൈനിന് പകരമായി കേന്ദ്ര സഹായത്തോടെയുള്ള വന്ദേ ഭാരത് സ്റ്റാൻഡേർഡ് മെട്രോ ശൃംഖലകൾ വികസിപ്പിക്കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു.


