March 29, 2026

യുവാക്കൾക്ക് ആപ്പ് പാരയായി, യുവാക്കളെ തട്ടിക്കൊണ്ടുപോകുകയും ലക്ഷങ്ങൾ കവരുകയും ചെയ്യുന്ന അഞ്ചംഗ സംഘത്തെ ഡൽഹി പോലീസ് പിടികൂടി

  • March 29, 2026
  • 1 min read

ഡേറ്റിങ് ആപ്പുകൾ വഴി യുവാക്കളെ ആകർഷിച്ച് വിജനമായ സ്ഥലത്തെത്തിച്ച് തട്ടിക്കൊണ്ടുപോകുകയും ലക്ഷങ്ങൾ കവരുകയും ചെയ്യുന്ന അഞ്ചംഗ സംഘത്തെ ഡൽഹി പോലീസ് പിടികൂടി. കൽക്കാജി പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന യുവതി ഉൾപ്പെടെയുള്ള സംഘമാണ് മണിക്കൂറുകൾക്കകം പിടിയിലായത്. സിനിമയെ വെല്ലുന്ന രീതിയിലുള്ള തട്ടിക്കൊണ്ടുപോകലിനും ക്രൂരമായ മർദ്ദനത്തിനുമൊടുവിൽ ഏഴ് ലക്ഷം രൂപയാണ് ഇവർ ഒരു യുവാവിൽ നിന്ന് മാത്രം തട്ടിയെടുത്തത്.‘3F’ എന്ന ഡേറ്റിങ് ആപ്പ് വഴിയാണ് ഈ തട്ടിപ്പിന്റെ തുടക്കം. ‘ഷെറി’ എന്ന വ്യാജപ്പേരിലുള്ള പ്രൊഫൈലിൽ നിന്ന് അനുരൂപ് നരുല എന്ന യുവാവിന് സന്ദേശം അയച്ചാണ് സംഘം കെണിയൊരുക്കിയത്. സൗഹൃദം നടിച്ച് സംസാരിച്ച യുവതി നെഹ്‌റു പ്ലേസ് ഏരിയയിൽ വെച്ച് നേരിട്ട് കാണാമെന്ന് യുവാവിനെ വിശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ സ്ഥലത്തെത്തിയ അനുരൂപിനെ കാത്തിരുന്നത് വലിയൊരു അപകടമായിരുന്നു.യുവതിക്കൊപ്പം പെട്ടെന്നുതന്നെ എത്തിയ മൂന്ന് യുവാക്കൾ അനുരൂപിനെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി. ശ്വാസം മുട്ടിച്ച് ബോധം കെടുത്താൻ ശ്രമിച്ചും ക്രൂരമായി മർദ്ദിച്ചും ഭീഷണിപ്പെടുത്തിയാണ് സംഘം പണം ആവശ്യപ്പെട്ടത്. യുവാവിനെക്കൊണ്ട് നിർബന്ധിതമായി യുപിഐ വഴിയും ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ഉപയോഗിപ്പിച്ചും ഏകദേശം ഏഴ് ലക്ഷത്തോളം രൂപ സംഘം അക്കൗണ്ടിൽ നിന്ന് മാറ്റിയെടുത്തു.കവർച്ചയ്ക്ക് ശേഷം യുവാവിനെ നെഹ്‌റു പ്ലേസിൽ തന്നെ തിരികെ ഇറക്കിവിട്ടു. ഈ വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന കടുത്ത ഭീഷണി മുഴക്കിയാണ് സംഘം സ്ഥലം വിട്ടത്. എന്നാൽ ഭീഷണി വകവെക്കാതെ അനുരൂപ് ഡൽഹി പോലീസിൽ പരാതി നൽകാൻ തയ്യാറായതോടെയാണ് തട്ടിപ്പ് സംഘത്തിന്റെ കൊള്ളിവെല അവസാനിച്ചത്.അസിസ്റ്റന്റ് പോലീസ് കമ്മീഷണർ രത്തൻ ലാലിന്റെയും ഇൻസ്‌പെക്ടർ ആർ.എസ്. ഡാഗറിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘം സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ ഇടപാടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. ആദ്യം ഋഷഭ് രാഘവ് എന്നയാളെയും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങൾ നിർണ്ണായകമായി.
തുടർന്ന് മാളവ്യ നഗറിൽ നടത്തിയ റെയ്ഡിൽ കൂട്ടാളികളായ നവോജിത്, സാഹിൽ, ജോയ് (സഞ്ജയ്), ജെന്നി (ഹർലീൻ കൗർ) എന്നിവരെയും പോലീസ് പൊക്കി. കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് കാറുകളും അഞ്ച് മൊബൈൽ ഫോണുകളും തട്ടിയെടുത്ത പണത്തിന്റെ ബാങ്ക് ഇടപാട് രേഖകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡേറ്റിങ് ആപ്പുകൾ വഴി യുവാക്കളെ വിജനമായ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി കൊള്ളയടിക്കുന്നത് ഇവരുടെ സ്ഥിരം രീതിയാണെന്ന് പ്രതികൾ സമ്മതിച്ചു.സംഭവത്തിൽ കൂടുതൽ പേർ ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി അപരിചിതരെ കാണാൻ പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഡൽഹി പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം കെണികളിൽ വീഴാതിരിക്കാൻ അപരിചിതരുമായുള്ള കൂടിക്കാഴ്ചകൾ തിരക്കേറിയ പൊതുസ്ഥലങ്ങളിൽ മാത്രം നിശ്ചയിക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *