എഫ്.സി.ആര്‍.എ നിയന്ത്രണ ബില്‍ ഭേദഗതി അപ്രതീക്ഷിതമാണെന്ന് മാര്‍ തോമസ് തറയില്‍

ചങ്ങനാശേരി: നിലവില്‍ തന്നെ ഇന്ത്യയില്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ശനമായ വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന എഫ്.സി.ആര്‍.എ നിയന്ത്രണ ബില്‍ ഭേദഗതി അപ്രതീക്ഷിതമാണെന്ന് ചങ്ങനാരേി അതിരൂപത അധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍.പുതിയ ഭേദഗതികള്‍ കൊണ്ടുവരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സഭ വിദേശ ഫണ്ട് സ്വീകരിച്ച് ചെറിയ ഗ്രാമങ്ങളില്‍ പോലും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ പരിചരണ കേന്ദ്രങ്ങളും നിർമിച്ചിട്ടുണ്ട്. ഇത്തരം നന്മ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ മാത്രമേ പുതിയ ബില്ല് ഉപകരിക്കൂ എന്ന് അദ്ദേഹം ആശങ്ക പങ്കുവെച്ചു.ഇത്തരം സാമൂഹിക പ്രവര്‍ത്തനങ്ങളെ ദേശവിരുദ്ധ പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് അത്യന്തം സങ്കടകരമാണെന്നും ഇത് ജനാധിപത്യ വ്യവസ്ഥയ്ക്ക് ചേരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശ സഹായത്തോടെ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഈ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു
