March 29, 2026

ഗുജറാത്തില്‍ ദളിത്, ആദിവാസി സമൂഹങ്ങള്‍ക്കെതിരെയുള്ള വിദ്വേഷവും വിവേചനവും അതിക്രമങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

  • March 29, 2026
  • 1 min read

ഡല്‍ഹി: ബിജെപി ഭരണത്തിന് കീഴില്‍ ഗുജറാത്തില്‍ ദളിത്, ആദിവാസി സമൂഹങ്ങള്‍ക്കെതിരെയുള്ള വിദ്വേഷവും വിവേചനവും അതിക്രമങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.2016-ലെ ഉന ചമ്മട്ടിയടി കേസിലെ ഇരകള്‍ക്ക് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും നീതി ലഭിക്കുന്നതുവരെ അവരുടെ ശബ്ദമായി തുടരുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.ഉന സംഭവത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ ഗുജറാത്തില്‍ നിന്നുള്ള ദളിത്, ആദിവാസി പ്രതിനിധികളുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.ഈ കൂടിക്കാഴ്ച തന്നെ അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും കാര്യങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.2016 ജൂലൈ 11-ന് ഗിര്‍ സോമനാഥ് ജില്ലയിലെ മോട്ട സമാധിയാല ഗ്രാമത്തില്‍ വെച്ചാണ് രാജ്യം നടുങ്ങിയ ക്രൂരത നടന്നത്. ചത്ത പശുവിന്റെ തൊലി ഉരിക്കുകയായിരുന്ന നാല് ദളിത് യുവാക്കളെ ഗോരക്ഷകരെന്നവകാശപ്പെട്ട ഒരു സംഘം പരസ്യമായി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ അനധികൃതമായി ലോക്കപ്പിലാക്കുകയും പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇരകള്‍ക്ക് നീതി ലഭിച്ചിട്ടില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. അവരുടെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്നും മറിച്ച് സാഹചര്യം കൂടുതല്‍ മോശമാവുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉന സംഭവം നടന്ന സമയത്തും താന്‍ ആ കുടുംബങ്ങള്‍ക്കൊപ്പം നിലകൊണ്ടിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ഗുജറാത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *