April 8, 2026

ലൈം​ഗിക ആരോപണങ്ങളിൽ കോടതിയുടെ പുത്തൻ കാഴ്ചപ്പാട്

  • March 29, 2026
  • 1 min read

ഭോപ്പാൽ: നിലവിലുള്ള നിയമ ചട്ടക്കൂടിനുള്ളിൽ ഭർത്താവിനെതിരെ ഭാര്യ നൽകിയ അസ്വാഭാവിക ലൈം​ഗിക ബന്ധ പരാതി നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭിന്ദ് ജില്ലയിലെ യുവാവിനെതിരെ ഭാര്യ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ കോടതി മധ്യപ്രദേശ് ഹൈക്കോടതി ഗ്വാളിയോർ ബെഞ്ച് റദ്ദാക്കി. എഫ്‌ഐആറും കുറ്റപത്രങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് മിലിന്ദ് രമേശ് ഫാഡ്‌കെ എന്നിവരാണ് വിധി പറഞ്ഞത്.പരാതിക്കാരി ഉന്നയിച്ച നിർബന്ധിത അസ്വാഭാവിക ലൈം​ഗിക പ്രവൃത്തികൾ സംബന്ധിച്ച ആരോപണങ്ങൾ മുഖവിലയ്‌ക്കെടുത്താൽ പോലും, അവ ദാമ്പത്യവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ ഐപിസി സെക്ഷൻ 377 പ്രകാരം കുറ്റകൃത്യമല്ലെന്നും കോടതി നിരീക്ഷിച്ചു. നിയമഭേദ​ഗതി പ്രകാരം ഓറൽ, അനൽ പെനട്രേഷൻ എന്നിവയുൾപ്പെടെ ബലാത്സം​ഗത്തിലുൾപ്പെടുത്തി കുറ്റകൃത്യമാക്കിയിരുന്നു.എന്നാൽ, സ്വന്തം ഭാര്യയുമായുള്ള ലൈംഗിക ബന്ധമോ ലൈംഗിക പ്രവൃത്തികളിലോ ഏർപ്പെടുന്നത് ബലാത്സംഗമല്ലെന്നും ഈ പശ്ചാത്തലത്തിൽ, ഭാര്യാഭർത്താക്കന്മാർക്കിടയിൽ ആരോപിക്കപ്പെടുന്ന അത്തരം പ്രവൃത്തികൾ ഐപിസി 377-ാം വകുപ്പിന് കീഴിൽ കൊണ്ടുവരാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, സ്ത്രീധന പീഡനം, ആക്രമണം, ക്രിമിനൽ ഭീഷണി എന്നിവയുൾപ്പെടെയുള്ള ശേഷിക്കുന്ന കുറ്റങ്ങളിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. ഭർത്താവിനെതിരെയുള്ള മറ്റു പരാതികളിൽ തെളിവുകൾ പിന്തുണയ്ക്കുന്നുണ്ടെന്നും വിചാരണ വേളയിൽ പരിശോധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *