കോൺഗ്രസ് സംസ്കാരവും പക്വതയുമുള്ള പാർട്ടി; സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ

March 25, 2026
അമ്പലപ്പുഴ: പാർട്ടി ജീവിതത്തിൽ നിന്ന് തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കെതിരെ പ്രതികാരം ചെയ്യുമെന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെയാണ് സി.പി.എം നേതൃത്വത്തിനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ ആഞ്ഞടിച്ചത്. തന്നെ തകർക്കാൻ ശ്രമിച്ച അതേ മണ്ണിൽ വെച്ച് തന്നെ അതിന് മറുപടി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സി.പി.എമ്മിന്റേത് ബുദ്ധിശൂന്യതയും അഹങ്കാരവും നിറഞ്ഞ തെറ്റായ പ്രവർത്തനങ്ങളാണെന്നും അവർക്ക് ജനഹൃദയങ്ങൾ കീഴടക്കാൻ സാധിക്കില്ലെന്നും സുധാകരൻ തുറന്നടിച്ചു. താൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് കാണിച്ച അനുകമ്പയും പക്വതയും വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്പലപ്പുഴയിലെ രാഷ്ട്രീയ ചിത്രം ഇതോടെ പൂർണ്ണമായും മാറിയിരിക്കുകയാണ്.തന്റെ രാഷ്ട്രീയ മാറ്റം മാസങ്ങൾക്കു മുൻപേ നടന്ന ഗൂഢാലോചനയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തെ സുധാകരൻ തള്ളിക്കളഞ്ഞു. കഴിഞ്ഞ മാസം മാത്രമാണ് താൻ പാർട്ടി അംഗത്വം പുതുക്കാതിരുന്നതെന്നും അതുവരെ അച്ചടക്കത്തോടെയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിൽ ചേരാൻ തനിക്ക് മാസങ്ങളുടെ ആലോചനയൊന്നും ആവശ്യമായി വന്നിട്ടില്ലെന്ന് അദ്ദേഹം പരിഹസിച്ചു. സി.പി.എമ്മിനുള്ളിലെ ക്രിമിനലിസത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തനിക്കെതിരെ മറ്റൊരു സുധാകരനെ സ്ഥാനാർത്ഥിയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയിലെ സി.പി.എമ്മിൽ കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുകയാണെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു. ജാതിമത ഭേദമന്യേ അമ്പലപ്പുഴക്കാർ തനിക്ക് വോട്ട് ചെയ്യുമെന്നാണ് സുധാകരന്റെ ഉറച്ച വിശ്വാസം.
