തകര്‍ന്ന ക്വാര്‍ട്ടേഴ്സുകളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം

മുതലമട: ഗ്രാമപഞ്ചായത്തിലെ പ്രധാന അണക്കെട്ടുകളായ മീങ്കരയിലെയും ചുള്ളിയാറിലെയും തകർന്ന ക്വാർട്ടേഴ്സുകളില്‍ താവളമടിച്ച് സാമൂഹ്യവിരുദ്ധർ.ഡാമിന്റെ നിർമ്മാണ സമയത്ത് പണിതീർത്ത ക്വാർട്ടേഴ്സ് കെട്ടിടങ്ങളെ മറയാക്കി മദ്യവും ലഹരിയുമെല്ലാം ഉപയോഗിക്കുന്നതായാണ് പ്രദേശവാസികളുടെ പരാതി. ലഹരി ഉപയോഗം നാട്ടുകാർ ചോദ്യം ചെയ്താല്‍ ഭീഷണിയാണ് മറുപടി. തകർന്ന ക്വാർട്ടേഴ്സുകളുടെ ഉരുപ്പടികളും സാമൂഹ്യവിരുദ്ധർ വിറ്റു കാശാക്കി. ക്വാർട്ടേഴ്സുകളിലെ ഓടുകള്‍, കഴുക്കോലുകള്‍, ഇലക്‌ട്രിക്കല്‍ സാമഗ്രികള്‍, ജനലുകള്‍, വാതിലുകള്‍ തുടങ്ങി എല്ലാവിധ സാധന സാമഗ്രികളും മോഷ്ടിക്കപ്പെട്ടു. നിലവില്‍ അവശേഷിക്കുന്ന ചുമർ ഭിത്തികളെയും ഇഷ്ടികാവശ്യത്തിനായി തകർക്കുന്ന നിലയിലാണ്. രാത്രികാലങ്ങളിലാണ് സാധന സാമഗ്രികള്‍ മോഷ്ടിക്കപ്പെടുന്നത്.പകല്‍ സമയങ്ങളില്‍ ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഡാമിലും പരിസര പ്രദേശങ്ങളിലും അനധികൃത മദ്യ വില്പനയും തകൃതിയായി നടക്കുന്നുണ്ട്. മദ്യം സ്ഥിരമായി വാങ്ങുന്നവർക്ക് വേണ്ടിയും ഡാമിലെ തകർന്ന ക്വാർട്ടേഴ്സുകളില്‍ മദ്യം ഉപയോഗിക്കാൻ എത്തുന്നവർക്ക് വേണ്ടിയും ഇടനിലക്കാരും ഇവിടെയുണ്ട്. ഇടനിലക്കാർ മുഖാന്തരം മാത്രമേ മദ്യം ലഭിക്കുകയുള്ളൂ. അതിനാല്‍ സുലഭമായി മദ്യമുപയോഗിച്ച് കെട്ടിടങ്ങളും പൊതുമുതലും നശിപ്പിക്കപ്പെടുന്നത് നിത്യസംഭവമാണെന്നു പ്രദേശവാസികള്‍ പറയുന്നു. ഡാമിലെ തകർന്ന ക്വാർട്ടേഴ്സുകളുടെ അവശിഷ്ടങ്ങള്‍ മോഷ്ടിക്കപ്പെടുമ്പോഴും ഇതിനെ മറയാക്കി സാമൂഹ്യവിരുദ്ധർ ലഹരി ഉപയോഗിക്കുമ്പോഴും എക്‌സൈസും പൊലീസും ഡാം അധികൃതരും തിരിഞ്ഞുനോക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
