മതം മാറിയാല്‍ പിന്നെ പട്ടികജാതി പദവിയില്ലെന്ന സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: മതം മാറിയാല്‍ പിന്നീട് പട്ടികജാതി പദവിക്ക് അര്‍ഹതയുണ്ടാകില്ലെന്ന് വ്യക്തമാക്കി സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി.
മതപരിവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്ക് പട്ടികജാതി (എസ് സി)പദവിക്ക് അര്‍ഹതയുണ്ടാവില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചു.
ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. 1950-ലെ ഭരണഘടന ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളല്ലാതെ മറ്റ് ഏത് മതം സ്വീകരിച്ചാലും പട്ടികജാതി പദവി നല്‍കാന്‍ അര്‍ഹതയില്ല.
‘ഭരണഘടന പ്രകാരമോ പാര്‍ലമെന്റ് നിയമനിര്‍മാണത്തിലൂടെയോ സംസ്ഥാന നിയമസഭയുടെയോ നിയമപരമായ ആനുകൂല്യങ്ങളോ സംരക്ഷണമോ സംവരണമോ അവകാശമോ അവകാശപ്പെടാന്‍ പിന്നീട് കഴിയില്ല. 1950ലെ ഉത്തരവിന്റെ ക്ലോസ് 3 ല്‍ വ്യക്തമാക്കിയിട്ടുള്ളതല്ലാത്ത ഏതെങ്കിലും മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്താല്‍ പട്ടിക ജാതി പദവി ഉടനടി നഷ്ടപ്പെടുമെന്ന് കോടതി വ്യക്തമാക്കി.
ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് പാസ്റ്ററായി പ്രവര്‍ത്തിച്ച വ്യക്തിയാണ് തന്നെ ആക്രമിച്ച ചില വ്യക്തികള്‍ക്കെതിരെ പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കേസ് ഫയല്‍ ചെയ്തത്. ഈ കേസിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്.
