അതുലിൻ്റെ മുന്നിലും പിന്നിലുമായി രണ്ട് കാറുകള്‍; നടത്തിയത് വൻ ആസൂത്രണം, രണ്ട് വാഹനങ്ങളും കസ്റ്റഡിയില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റ കൃത്യത്തിന് ഉപയോഗിച്ച 2 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ട 4 പേരെ ഇടുക്കി മുണ്ടക്കയത്തിന് അടുത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇതോടെ കേസിലെ എട്ട് പ്രതികളും പിടിയിലായതായി കൊല്ലം സിറ്റി പൊലീസ് അറിയിച്ചു.കോട്ടയം പൊലീസ് പിടിച്ച പ്രതികളെ കൊല്ലം പൊലീസിന് കൈമാറുകയായിരുന്നു. അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർ വ്യക്തമാക്കി.ജിം-സന്തോഷ് വധക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഒന്നാം പ്രതി അലുവ അതുലിനെ കാർ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതുലിനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി മനുവിന് കൈയ്ക്ക് വെട്ടേറ്റു. കടത്തൂർ – വയനകം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ജിം സന്തോഷ് കൊലപാതകം നടന്ന് ഒരു വർഷം തികയാൻ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് കേസിലെ ഒന്നാം പ്രതി അലുവ അതുലിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്.
