വിളപ്പിൽ പഞ്ചായത്തിൽ കളിസ്ഥലം നിർമ്മാണത്തിന് 3.5 കോടിയുടെ സർക്കാർ ഭരണാനുമതി

കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ ഭൂമി വാങ്ങി ആധുനിക സൗകര്യങ്ങളോടെ കളിസ്ഥലം നിർമ്മിക്കുന്നതിനായി സർക്കാർ 3.5 കോടി രൂപയുടെ ഭരണാനുമതി നൽകി. 2024–25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ പദ്ധതിക്ക് 20 ശതമാനം തുക വകയിരുത്തിയിരുന്നു. 2.27 ഏക്കർ ഭൂമി വാങ്ങാനാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.വിളപ്പിൽ പഞ്ചായത്തിലെ യുവാക്കളും കായിക പ്രതിഭകളും നിരന്തരമായി ഈ ആവശ്യം ഉന്നയിച്ച് കാട്ടാക്കട നിയോജക മണ്ഡലം എം എൽ എ ഐ ബി സതീഷിന് കൊടുത്ത നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് വേണ്ടി ബജറ്റിൽ തുക വകയിരുത്തിയത്. പദ്ധതി നടപ്പാകുന്നതോടെ വിളപ്പിൽ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലുമുള്ള യുവാക്കൾക്കും കായികപ്രതിഭകൾക്കും മികച്ച കായിക സൗകര്യങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഭൂമി വാങ്ങുന്നതിന് മുമ്പ് ഭൂമിയുടെ വിസ്തീർണം, റവന്യൂ രേഖകൾ, തണ്ടപ്പേര്, ഉടമസ്ഥാവകാശം, ബാധ്യതകൾ, ആധാരം, ഭൂമിക്ക് നൽകുന്ന വിലയുടെ സാധുത തുടങ്ങിയ കാര്യങ്ങൾ വിളപ്പിൽ ഗ്രാമപഞ്ചായത്ത് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.കൂടാതെ 2005-ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളിൽ പറയുന്ന എല്ലാ നടപടിക്രമങ്ങളും കർശനമായി പാലിക്കണമെന്നും തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ ഇതുസംബന്ധിച്ച രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.ആധുനിക സൗകര്യങ്ങളുള്ള മികച്ച കളിസ്ഥലങ്ങൾ എല്ലാ പഞ്ചായത്തുകളിലും നിർമ്മിക്കുക എന്ന ലക്ഷ്യം മുൻനിർത്തി മികച്ച കായിക സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.




