March 14, 2026

ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ്: 10 വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ

  • March 14, 2026
  • 1 min read

കണ്ണൂര്‍: ഇരിക്കൂര്‍ സ്വദേശിനി കുഞ്ഞാമിനയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പത്ത് വര്‍ഷത്തിന് ശേഷം പ്രതികളെ ക്രൈംബ്രാഞ്ച് പിടികൂടി.മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്നാണ് മൂന്ന് പ്രതികളെയും പിടികൂടിയത്. ഡല്‍ഹി സ്വദേശികളായ പര്‍വീന്‍ ബാബു, സക്കീന ഫാത്തിമ എന്നിവരും ഒരു പുരുഷനുമാണ് പിടിയിലായത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍ണ്ണായകമായ ഈ അറസ്റ്റ് രേഖപ്പെടുത്തിയത്.2016 ഏപ്രില്‍ 30-നായിരുന്നു നാടിനെ നടുക്കിയ ആ കൊലപാതകം നടന്നത്. പകല്‍ സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന കുഞ്ഞാമിനയെ കവര്‍ച്ചാ സംഘം വകവരുത്തുകയായിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞ് മകന്‍ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞാമിനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വയറിലും നെഞ്ചിലും കഴുത്തിലുമായി 19-ഓളം മാരകമായ മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു.കൊലപാതകത്തിന് ശേഷം കുഞ്ഞാമിന ധരിച്ചിരുന്ന 10 പവനിലധികം സ്വര്‍ണാഭരണങ്ങളുമായി പ്രതികള്‍ കടന്നുകളഞ്ഞു. കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തില്‍ താമസിച്ചിരുന്നവരായിരുന്നു പ്രതികള്‍. കൊലപാതകം നടന്ന ദിവസം രാവിലെ 9.30-ഓടെ ഇവര്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിഞ്ഞുപോയിരുന്നു.പ്രതികള്‍ വ്യാജ പേരും മേല്‍വിലാസവുമാണ് നല്‍കിയിരുന്നത് എന്നത് അന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസിനെ വലച്ചിരുന്നു. കൃത്യത്തിന് ശേഷം മഹാരാഷ്ട്രയിലേക്ക് കടന്ന പ്രതികള്‍ക്കായി 14-ഓളം സംസ്ഥാനങ്ങളില്‍ പോലീസ് അന്വേഷണം നടത്തി.ഒളിത്താവളങ്ങള്‍ മാറിമാറി പോയിരുന്ന പ്രതികളെ ശാസ്ത്രീയമായ നീക്കങ്ങളിലൂടെയാണ് പത്ത് വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് വലയിലാക്കിയത്. പ്രതികളെ കണ്ണൂരില്‍ എത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യും. പ്രതികളുടെ കൃത്യമായ പേരുവിവരങ്ങളും മുന്‍കാല ക്രിമിനല്‍ പശ്ചാത്തലവും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *