March 6, 2026

ഖത്തർ ജനജീവിതം സാധാരണ നിലയിലേക്ക്….

  • March 6, 2026
  • 1 min read

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ

ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തറിൽ പ്രഖ്യാപിച്ചിരുന്ന അതീവ ജാഗ്രതാ നിർദ്ദേശങ്ങൾക്കും ആശങ്കകൾക്കും നേരിയ ശമനമുണ്ടായിരിക്കുകയാണ്. അഞ്ച് ദിവസം നീണ്ടുനിന്ന കനത്ത അനിശ്ചിതാവസ്ഥയ്ക്ക് ശേഷം രാജ്യം പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഘർഷം രൂക്ഷമായ സമയത്ത് അടച്ചിട്ടിരുന്ന വ്യാപാര സ്ഥാപനങ്ങളും കടകമ്പോളങ്ങളും വീണ്ടും തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. എങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും നിലവിൽ വിദൂര പഠന-ജോലി രീതിയിലാണ് മുന്നോട്ട് പോകുന്നത്. ജനങ്ങൾക്കിടയിലുണ്ടായ പരിഭ്രാന്തി കുറയ്ക്കുന്നതിനും ആത്മവിശ്വാസം പകരുന്നതിനുമായി വിദേശകാര്യ മന്ത്രാലയം കൃത്യമായ ഇടവേളകളിൽ വാർത്താക്കുറിപ്പുകൾ പുറത്തിറക്കുന്നുണ്ട്.തിങ്കളാഴ്ച ഉംസഈദ്, റാസ് ലഫാൻ തുടങ്ങിയ പ്രധാന ഊർജ്ജ വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണങ്ങളെ ഖത്തർ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഈ നീക്കത്തെ ഖത്തർ ശക്തമായി അപലപിച്ചു. യുഎസ് സൈനിക താവളങ്ങളെയാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്ന ഇറാന്റെ പ്രസ്താവനയെ ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി തള്ളിക്കളഞ്ഞു. രാജ്യത്തെ വിദേശ എംബസികൾക്കോ സൈനിക കേന്ദ്രങ്ങൾക്കോ നേരെയുള്ള ഏതൊരു നീക്കവും ഖത്തറിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമായി മാത്രമേ കണക്കാക്കാൻ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാണെന്നും വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമാക്രമണ ഭീഷണിയെത്തുടർന്ന് താൽക്കാലികമായി റദ്ദാക്കിയ വിമാന സർവീസുകൾ യാത്രക്കാരെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഏകദേശം എണ്ണായിരത്തോളം ട്രാൻസിറ്റ് യാത്രക്കാരാണ് നിലവിൽ ഖത്തറിൽ കുടുങ്ങിക്കിടക്കുന്നത്. ഇവർക്കായി വിസ കാലാവധി നീട്ടി നൽകുന്നതിനും താമസസൗകര്യങ്ങൾ ഒരുക്കുന്നതിനും ആഭ്യന്തര മന്ത്രാലയം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.രാജ്യത്തെ തന്ത്രപ്രധാനമായ ജലശേഖരണ സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പൂർണ്ണമായും സുരക്ഷിതമാണെന്ന് അധികൃതർ ജനങ്ങൾക്ക് ഉറപ്പുനൽകുന്നു. അടിയന്തര സാഹചര്യമുണ്ടായാൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ ഓരോ പൗരന്റെയും താമസക്കാരന്റെയും മൊബൈൽ ഫോണുകളിലേക്ക് സന്ദേശങ്ങളായി അയക്കുന്നുണ്ട്. കിംവദന്തികളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. സംഘർഷാവസ്ഥയിൽ അയവ് വരുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ മേഖലയിലെ രാഷ്ട്രീയ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമേ പൂർണ്ണമായ തോതിൽ നിയന്ത്രണങ്ങൾ നീക്കുകയുള്ളൂ. രാജ്യത്തിന്റെ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ജനങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ട്. വരും മണിക്കൂറുകളിൽ വ്യോമമേഖല പൂർണ്ണമായി തുറന്നുകൊടുക്കുന്നതോടെ യാത്രക്കാരുടെ ദുരിതത്തിന് അറുതിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

*റിപ്പോർട്ട് : എംഗൽസ്, ഖത്തർ മലനാട് ടീവിഇന്ത്യ*

Leave a Reply

Your email address will not be published. Required fields are marked *