മംഗലംഡാം ഭാഗത്ത് വ്യാപകമായി കുന്നിടിക്കലും, നികത്തലും തകൃതിയായി നടക്കുന്നു

വടക്കഞ്ചേരി: പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുന്ന മംഗലംഡാം ഭാഗത്ത് വ്യാപകമായി കുന്നിടിക്കലും, നികത്തലും തകൃതിയായി നടക്കുന്നു. മംഗലംഡാം വീട്ടിക്കല്‍ കടവ് റോഡ്, പന്നിക്കുളമ്പ് ഭാഗങ്ങളിലാണ് വ്യാപകമായി ഏക്കര്‍ കണക്കിന് ഭൂമി കുന്നിടിക്കുകയും, ഈ മണ്ണ് ഉപയോഗിച്ച് സമീപ പ്രദേശങ്ങളിലെ വയലുകള്‍ നികത്തുകയും ചെയ്യുന്നത്.മംഗലംഡാം വില്ലേജ് പരിധിയില്‍ ഈ ഭാഗത്ത് റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റിയാണ് വ്യാപകമായി കുന്നിടിച്ചു മണ്ണ് നീക്കുന്നത്. രാപ്പകല്‍ ഭേദമില്ലാതെ മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ചാണ് മണ്ണ് നീക്കുന്നത്. നിലവില്‍ യാതൊരു വിധ അനുമതിയും തേടാതെയാണ് മണ്ണ് നീക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ ഭാഗത്ത് നിന്നെടുക്കുന്ന മണ്ണ് വില്‍പ്പന നടത്തുകയും, തൊട്ടു സമീപത്തുള്ള നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങള്‍ ഈ മണ്ണ് ഉപയോഗിച്ച് നികത്തുകയും ചെയ്യുന്നുണ്ട്. പ്രദേശവാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മംഗലംഡാം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മംഗലംഡാം വില്ലേജ് ഓഫീസറും സ്ഥലത്തെത്തി പരിശോധന നടത്തി ക്രമപ്രകാമല്ലാത്തതിനാല്‍ മണ്ണെടുക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ സ്‌റ്റോപ്പ്‌മെമ്മോ നല്‍കിയിരിക്കുകയാണ്.
എന്നാല്‍ 3000 ചതുരശ്ര അടി വീടു നിര്‍മിക്കുന്നതിനാവശ്യമായി മണ്ണെടുക്കുന്നതിനും, ഇടിച്ചു നിരപ്പാക്കുന്നതിനും അനുമതികള്‍ നിയമഭേദഗതിയിലൂടെ ഗ്രാമപ്പഞ്ചായത്തുകളാണ് നല്‍കുന്നത്. അതില്‍ കൂടുതലുള്ള പ്രദേശങ്ങളിലുള്ളതിനാണ് ജിജോളജി വിഭാഗം പാസിന് അനുമതി നല്‍കുന്നത്. എന്നാല്‍ ഈ ഭാഗത്ത് മണ്ണെടുക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ജില്ല ജിയോളജി വിഭാഗം അധികൃതര്‍ പറഞ്ഞു. റോയൽറ്റി വിഭാഗത്തിൽ ലക്ഷങ്ങൾ വെട്ടിച്ചാണ് മണ്ണ് ഖനനം നടക്കുന്നത് ഒരു രാഷ്ട്രീയ നേതാവിൻ്റെ സ്വാധിനത്തിൽ ഉദ്യഗസ്ഥരെല്ലാം ഇവർക്ക് ഒത്താശ ചെയ്യുന്നത്.


