April 1, 2026

27 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ഇസ്രായേലും

  • February 27, 2026
  • 1 min read

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനം ചരിത്രപരമായ നേട്ടങ്ങളോടെ സമാപിച്ചു. നിര്‍മ്മിത ബുദ്ധി, വ്യാപാരം, പ്രതിരോധം, കൃഷി തുടങ്ങി വിവിധ മേഖലകളിലായി 27 സുപ്രധാന തീരുമാനങ്ങളാണ് ഇരുരാജ്യങ്ങളും കൈക്കൊണ്ടത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി മോദി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സംയുക്ത പ്രസ്താവന പുറത്തുവിട്ടത്.


ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തെ ‘സ്‌പെഷ്യല്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്’ (പ്രത്യേക തന്ത്രപ്രധാനപങ്കാളിത്തം) എന്ന തലത്തിലേക്ക് ഉയര്‍ത്താന്‍ ഇരുനേതാക്കളും തീരുമാനിച്ചു. ‘നമ്മുടെ ബന്ധം കാലത്തെ അതിജീവിച്ചതാണ്.ജനാധിപത്യ മൂല്യങ്ങളിലും പരസ്പര വിശ്വാസത്തിലുമാണ് ഇത് കെട്ടിപ്പടുത്തിരിക്കുന്നത്,’ എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഗാസയിലെ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം വേണമെന്നും മിഡില്‍ ഈസ്റ്റിലെ സമാധാനം ഇന്ത്യയുടെ താല്‍പ്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യയുടെ യു.പി.ഐ വഴി ഇസ്രായേലിലേക്ക് പണമയക്കാന്‍ സൗകര്യമൊരുക്കുന്ന കരാറില്‍ എന്‍.പി.സി.ഐ ഒപ്പുവെച്ചു. കൂടാതെ, സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കും.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഇസ്രായേലില്‍ തൊഴില്‍ നല്‍കാന്‍ തീരുമാനമായി. കച്ചവടം, നിര്‍മ്മാണം, ഹോട്ടല്‍ മേഖലകളിലായിരിക്കും ഈ അവസരം.അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃഷിരീതികള്‍ക്കായി ‘ഇന്ത്യ-ഇസ്രായേല്‍ ഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍ അഗ്രികള്‍ച്ചര്‍’ സ്ഥാപിക്കും.വിദ്യാഭ്യാസത്തിലും വ്യവസായത്തിലും എഐക ഉപയോഗിക്കുന്നതിനും സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കും. ഗുജറാത്തിലെ ലോത്തലില്‍ നാഷണല്‍ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനും 2029 വരെയുള്ള സാംസ്‌കാരിക കൈമാറ്റ പദ്ധതികള്‍ക്കും കരാറായി.നളന്ദ സര്‍വ്വകലാശാലയും ജറുസലേമിലെ ഹീബ്രു സര്‍വ്വകലാശാലയും തമ്മില്‍ വിദ്യാര്‍ത്ഥി-അധ്യാപക കൈമാറ്റത്തിന് ധാരണയായി.സയന്‍സ് ആന്‍ഡ് ടെക്‌നോളജി ജോയിന്റ് കമ്മിറ്റിയെ മന്ത്രിതലത്തിലേക്ക് ഉയര്‍ത്താനും സൈബര്‍ സുരക്ഷാ രംഗത്ത് സഹകരണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. സാമ്പത്തിക ചര്‍ച്ചകള്‍ക്കായി ‘ഫിനാന്‍ഷ്യല്‍ ഡയലോഗ്’ എന്ന പുതിയ വേദിയും സജ്ജമാക്കും.രണ്ട് രാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധം കൂടുതല്‍ ദൃഢമാക്കുന്ന സന്ദര്‍ശനമായിരുന്നു ഇതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *