കന്നട സിനിമ സംവിധായകനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് സ്വർണവും പണവും കവർന്നു

സാമ്പത്തിക തർക്കത്തെത്തുടർന്ന് കന്നട സിനിമ സംവിധായകനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് സ്വർണവും പണവും കവർന്നു. നടി ഉൾപ്പെടെ 11 പേർ അറസ്റ്റിൽ. ‘ജീവാനന്ദ ബാഷെ’ എന്ന സിനിമയുടെയും വിവിധ ആൽബങ്ങളുടെയും ഹ്രസ്വചിത്രങ്ങളുടെയും സംവിധായകനായ ടി.എ. അനീഷിനെയാണ് സംഘം മർദ്ദിച്ച ശേഷം തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത്. അനീഷ് ക്രിയേഷൻസ് എന്ന മോഡലിങ് ആൻഡ് കാസ്റ്റിങ് ഏജൻസിയുടെ ഉടമയാണ് അനീഷ്. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.തമിഴ്നാട് സ്വദേശിയായ അനീഷ് ഫെബ്രുവരി 11ന് കാലിനും കൈക്കും പരുക്കേറ്റ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഇതിനു പിന്നാലെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. പ്രതികളിൽ ഒരാളായ ആശിർവാദ് അനീഷിൽ നിന്ന് വാങ്ങിയ 2.25 ലക്ഷം രൂപ തിരിച്ചുകൊടുക്കാത്തതിന്റെയും ലക്ഷ്മി നാരായൺ എന്നയാൾ അനീഷിന്റെ റിലീസ് ചെയ്യാത്ത ചിത്രമായ ജീവാനന്ദ ബാഷെയ്ക്കായി നിക്ഷേപിച്ച 6 ലക്ഷം രൂപയുടെയും പേരിലുള്ള തർക്കമാണ് അതിക്രമത്തിലേക്ക് നയിച്ചത്. ഇതിൽ അനീഷ് പൊലീസിന് പരാതി നൽകുകയും ചെയ്തിരുന്നു.


