April 1, 2026

ജില്ലാ ആശുപത്രിയിൽ പൊലീസ് എത്തിച്ചിട്ടും ചികിത്സ നൽകിയില്ലെന്ന് പരാതി

  • February 26, 2026
  • 0 min read

ഇടുക്കി തൊടുപുഴയിൽ ബോധരഹിതനായി വഴിയിൽ കിടന്ന ആളെ ജില്ലാ ആശുപത്രിയിൽ പൊലീസ് എത്തിച്ചിട്ടും ചികിത്സ നൽകിയില്ലെന്ന് പരാതി. ചുങ്കം സ്വദേശി ജയകുമാർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചു. ചികിത്സ വീഴ്ചയിൽ തൊടുപുഴ ജില്ലാ ആശുപത്രിക്കും, കോട്ടയം മെഡിക്കൽ കോളേജിനും എതിരെ രംഗത്തെത്തിയിരിക്കുകയാണ് ജയകുമാറിന്റെ ബന്ധുക്കൾ.
ഫെബ്രുവരി 14നാണ് ചുങ്കത്തിന് സമീപം ബോധരഹിതനായി വഴിയിൽ കിടന്ന ജയകുമാറിനെ പൊലീസ് ഫയർഫോഴ്സ് ആംബുലൻസിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. മദ്യപിച്ച് ബോധരഹിതനായി കിടക്കുന്നു എന്ന് കരുതി പൊലീസും ആദ്യം തിരിഞ്ഞു നോക്കിയിരുന്നില്ല. പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. 15ന് രാവിലെ ബന്ധുക്കൾ എത്തുമ്പോൾ ജയകുമാറിനെ ചികിത്സ നൽകാതെ ബെഡിൽ കിടത്തിയിരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ജയകുമാറിനെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴും ചികിത്സ വൈകി എന്നാണ് ആരോപണം.ആളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് വിവരം അറിയിച്ചില്ലെന്നും ബന്ധുക്കൾക്ക് ആക്ഷേപമുണ്ട്. ചികിത്സാ വീഴ്ച്ചയിൽ പരാതിപ്പെടാൻ ഒരുങ്ങുകയാണ് കുടുംബം. എന്നാൽ ജയകുമാറുമായി ബന്ധപ്പെട്ട പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ജില്ലാ ആശുപത്രി അധികൃതരുടെ വിശദീകരണം. 

Leave a Reply

Your email address will not be published. Required fields are marked *