ഭിന്നശേഷിക്കാരനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയത് ഹണിട്രാപ്പിൽ കുരുക്കി പണംതട്ടൽ

കൊച്ചി: ഭിന്നശേഷിക്കാരനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദിച്ച യുവതിയും സംഘവും ലക്ഷ്യമിട്ടത് ഹണിട്രാപ്പിൽ കുരുക്കി പണംതട്ടൽ. കഴിഞ്ഞദിവസം കൊച്ചിയിൽ പിടിയിലായ നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ സഫീന (സഫീന ഷുക്കൂർ-27), തൃപ്പൂണിത്തുറ ഇരുമ്പനം മനയിൽമഠം അമൽ വേണുഗോപാൽ (32), വൈറ്റില ഷൈൻ റോഡിൽ കോയിത്തറ വീട്ടിൽ ജോൺ രാഹുൽ (23), മരട് കുറുവാനിപ്പാടം ആനന്ദ് മുരുകൻ (29) എന്നിവരാണ് ശ്രവണ-സംസാര പരിമിതികളുള്ള യുവാവിനെ ക്രൂരമായി മർദിച്ചത്. യുവാവിനെ ഹണിട്രാപ്പിൽ കുരുക്കാനുള്ള ശ്രമം പാളിയതോടെയായിരുന്നു പ്രതികളുടെ അതിക്രമം. കേസിൽ ആകെ അഞ്ച് പ്രതികളുണ്ടെന്നും ഒരാൾകൂടി പിടിയിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.കൊല്ലം നല്ലിള സ്വദേശിയായ 30-കാരനെയാണ് പ്രതികൾ ആക്രമിച്ചത്. ശ്രവണ-സംസാരപരിമിതിയുള്ള യുവാവ് കൊച്ചിയിൽ ഫുഡ് ഡെലിവറി ബോയ് ആയി ജോലിചെയ്തുവരികയാണ്. ഒരുമാസം മുൻപാണ് ഇയാൾ ഇൻസ്റ്റഗ്രാം വഴി സഫീനയുമായി പരിചയത്തിലാകുന്നത്. ഇത് പിന്നീട് വഴിവിട്ട ചാറ്റിങ്ങിലേക്കെത്തി. സഫീന യുവാവുമായി ചാറ്റുചെയ്യുന്നത് ആൺസുഹൃത്തായ അമൽ വേണുഗോപാലും അറിഞ്ഞിരുന്നു. തുടർന്ന് ഇരുവരും ചേർന്നാണ് യുവാവിനെ കെണിയിലാക്കി പണം തട്ടാനുള്ള പദ്ധതികൾ ആസൂത്രണംചെയ്തത്. ഇതിനായി സഫീനയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് യുവാവിനെ പ്രലോഭിപ്പിക്കുന്നരീതിയിലുള്ള സന്ദേശങ്ങളും അയച്ചു.ദിവസങ്ങളോളം ചാറ്റിങ് തുടർന്നതോടെ സഫീനയും അമലും യുവാവിനെ പനമ്പിള്ളിനഗറിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി. ഇൻസ്റ്റഗ്രാം വഴി സഫീനയുടെ ലോഡ്ജിലേക്കുള്ള ക്ഷണം യുവാവ് സ്വീകരിച്ചു. മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് ഫെബ്രുവരി 22-ന് വൈകീട്ട് ലോഡ്ജിലെത്തി. എന്നാൽ, ലോഡ്ജ്മുറിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അമലും മറ്റുള്ളവരും ഇതേ മുറിയിലേക്ക് അതിക്രമിച്ചുകയറിയെത്തിയത്. ഇതോടെ സംഭവം കെണിയാണെന്ന് യുവാവിന് ബോധ്യപ്പെട്ടു. പുറത്തുകടക്കാനായി യുവാവ് ശ്രമിച്ചെങ്കിലും പ്രതികൾ അതിന് അനുവദിച്ചില്ല. അമലും സംഘവും യുവാവിനെ ക്രൂരമായി മർദിച്ചു. സഫീനയുമായി ലൈംഗികബന്ധത്തിലേർപ്പെടാനും നിർബന്ധിച്ചു.

