മനുഷ്യ-വന്യജീവി സംഘര്‍ഷം:കേന്ദ്ര ഫണ്ട് നിരാകരിച്ചത് കര്‍ഷകദ്രോഹമെന്ന് പ്രകൃതി സംരക്ഷണ സമിതി


മനുഷ്യ-വന്യജീവി സംഘര്‍ഷം:
കേന്ദ്ര ഫണ്ട് നിരാകരിച്ചത് കര്‍ഷകദ്രോഹമെന്ന് പ്രകൃതി സംരക്ഷണ സമിതി
കല്‍പ്പറ്റ: മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുവദിച്ച ഫണ്ട് കര്‍ഷകരുടെ പേരുപറഞ്ഞ് സമീപകാലത്ത് രൂപംകൊണ്ട ചില സംഘടനകളുടെ ഭീഷണിക്ക് വഴങ്ങി സംസ്ഥാന വനം വകുപ്പ് നിരാകരിച്ചത് കൊടിയ കര്‍ഷകദ്രോഹമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. വിഷയത്തില്‍ വനം മന്ത്രി കൈമലര്‍ത്തുന്നത് പരിഹാസ്യമാണെന്നും വന്യജീവി പ്രതിരോധത്തിന് മതിയായ ഫണ്ട് ലഭിക്കുന്നില്ലെന്ന് നിരന്തരം മുറവിളികൂട്ടുന്നതിനിടെയാണ് വനം വകുപ്പ് കേന്ദ്ര പദ്ധതി തട്ടിമാറ്റിയതെന്നും യോഗം കുറ്റപ്പെടുത്തി.കടുവാസങ്കേതങ്ങള്‍ക്ക് പുറത്തുള്ള വനം ഡിവിഷന്‍ പരിധികളിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം
ലഘൂകരിക്കുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയില്‍ രാജ്യവ്യാപകമായി 40 വനം ഡിവിഷനുകളെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് വയനാട്ടിലെ മൂന്ന് ഡിവിഷനുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പദ്ധതി പ്രകാരം ഓരോ ഡിവിഷനും വര്‍ഷം ഒന്നരക്കോടി രൂപ ലഭിക്കും.
ഫീല്‍ഡ് ജീവനക്കാരെ ആധുനിക സാങ്കേതികവിദ്യയും മതിയായ പരിശീലനവും നല്‍കി സംഘര്‍ഷ ലഘൂകരണത്തിന് സജ്ജരാക്കുക, കാമറ ട്രാപ്പുകള്‍, ജിപിഎസ് അധിഷ്ഠിത മോണിറ്ററിംഗ്, ഡ്രോണുകള്‍ എന്നിവ ഉപയോഗപ്പെടുത്തി കടുവകളുടെയും മറ്റു വന്യജീവികളുടെയും സഞ്ചാരപഥം കണ്ടെത്തുക, കര്‍ഷകരെയും തദ്ദേശസ്ഥാപനങ്ങളെയും ബോധവത്കരിക്കുക, പിടികൂടുന്ന കടുവകളെയും മറ്റും പാര്‍പ്പിക്കാന്‍ ഷെല്‍ട്ടറുകള്‍ ഒരുക്കുക തുടങ്ങിയവ കേന്ദ്ര പദ്ധതിയുടെ ഭാഗമാണ്.കാടിന് പുറത്ത് കടുവകളെയും മറ്റു വന്യജീവികളെയും വളര്‍ത്തുന്നതിനുളള ഗൂഢനീക്കമെന്ന് മുദ്രകുത്തി ചില സംഘടനകള്‍ രംഗത്തുവരികയും ഭീഷണി മുഴക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന വനം വകുപ്പ് പദ്ധതിക്കു നേരേ മുഖംതിരിച്ചത്. അതേസമയം കര്‍ണാടകവും തമിഴ്‌നാടും കേന്ദ്ര പദ്ധതി ഉപയോഗപ്പെടുത്തുന്നുണ്ട്. വയനാടുമായി അതിരിടുന്ന കുടകിലും മടിക്കേരിയിലും ഗൂഡല്ലൂരിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വനം-വന്യജീവി സംരക്ഷണത്തിന് സംസ്ഥാനത്തിന് ഫണ്ട് നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാനുള്ള വിമുഖത തുടരാന്‍ വനം വകുപ്പിന്റെ നിലപാട് ഇടയാക്കിയേക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് അമ്പലവയല്‍, ട്രഷറര്‍ ബാബു മൈലമ്പാടി പി.എം സുരേഷ്, സി.ഐ. ഗോപാലകൃഷ്ണൻ , സണ്ണി മരക്കാവ് എന്നിവര്‍ പ്രസംഗിച്ചു

