April 1, 2026

അജിത് പവാറിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

  • February 23, 2026
  • 1 min read

അജിത് പവാറിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഞായറാഴ്ച മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്ര നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. അപകടത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ദൂരീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.നിലവിൽ ഡിജിസിഎ, സംസ്ഥാന സിഐഡി എന്നിവർ നടത്തുന്ന അന്വേഷണത്തിന് പുറമെയാണ് സിബിഐ അന്വേഷണം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. അജിത് പവാറിൻ്റെ പാർട്ടിയായ എൻസിപിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത് വരെ ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വ്യോമയാന മന്ത്രാലയത്തിനോ ഡിജിസിഎയ്‌ക്കോ ഈ വിഷയത്തിൽ ഒന്നും ഒളിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ജനുവരി 28-നാണ് പൂനെ ജില്ലയിലെ ബാരാമതി വിമാനത്താവളത്തിന് സമീപം ലിയർജെറ്റ് 45 വിമാനം തകർന്നു വീണത്. അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.അപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി അജിത് പവാറിൻ്റെ അനന്തരവൻ രോഹിത് പവാർ രംഗത്തെത്തിയിരുന്നു. വിമാനക്കമ്പനിയായ വിഎസ്ആറുമായി ബന്ധപ്പെട്ട ക്രമക്കേടുകളും അദ്ദേഹം ഉയർത്തിക്കാട്ടിയിരുന്നു. വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഉപമുഖ്യമന്ത്രിയും അജിത് പവാറിന്റെ ഭാര്യയുമായ സുനേത്ര പവാർ സിബിഐ അന്വേഷണം വേണമെന്നത് കുടുംബത്തിന്റെയും പാർട്ടിയുടെയും ആവശ്യമാണെന്ന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *