വീണാ ജോർജ് രാജിവെക്കണം;രമേശ് ചെന്നിത്തല

ആലപ്പുഴ മെഡിക്കല്‍ കോളജിലെ ചികിത്സാപിഴവില്‍ വീണാ ജോർജ് രാജിവെക്കണം; സിസ്റ്റം തകര്‍ച്ചയ്ക്ക് ഉത്തരവാദി ആരോഗ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. വീണാ ജോർജ് മന്ത്രി സ്ഥാനത്ത് നിന്നും മാറിയാൽ മാത്രമെ ആരോഗ്യ വകുപ്പിലെ സിസ്റ്റം ശരിയാവുകയുള്ളുവെന്ന് ചെന്നിത്തല പറഞ്ഞു.മന്ത്രി ഏതു കാര്യത്തിലും സിസ്റ്റത്തെ കുറ്റം പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുകയാണ്. അത് അംഗീകരിക്കാൻ കഴിയില്ല. ആരോഗ്യ മേഖല സമ്പൂർണ പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ചികിത്സാ പിഴവിനെ തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കടുത്ത യാതനകൾ സഹിച്ച് ജീവിക്കേണ്ടി വന്ന പുന്നപ്ര സ്വദേശിനി ഉഷയെ എറണാകുളം അമൃത ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷക്കാലമായി കഠിനമായ വേദന അനുഭവിച്ചിട്ടും സ്കാനിങ്ങിൽ പോലും ഇത് കണ്ടെത്താൻ കഴിയാതിരുന്നത് വലിയ വീഴ്ചയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പിയുടെ സജീവ ഇടപെടലിനെ തുടർന്നാണ് ഉഷയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉഷയ്ക്ക് വേണ്ട ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി
