April 1, 2026

രഞ്ജിത്ത് റിമാൻ്റിൽ; ആരോപണങ്ങൾ തള്ളി : നടിയുടെ പരാതിയെക്കുറിച്ച് അറിവില്ലെന്ന് മൊഴി

  • April 1, 2026
  • 0 min read

രഞ്ജിത്ത് റിമാൻ്റിൽ; ആരോപണങ്ങൾ തള്ളി : നടിയുടെ പരാതിയെക്കുറിച്ച് അറിവില്ലെന്ന് മൊഴി

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്നെടുത്ത കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രിയോടെ തൊടുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ പുലര്‍ച്ചെയോടെ എറണാകുളത്തേക്ക് എത്തിക്കുകയും രാവിലെ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയുമായിരുന്നു. രഞ്ജിത്തിനെ ടൗണ്‍ സബ്ജയിലിലേക്ക് കൊണ്ടുപോകും. ഏപ്രില്‍ 13നാണ് രഞ്ജിത്തിന്റെ റിമാന്‍ഡ് അവസാനിക്കുക.

ആരോപണങ്ങള്‍ നിഷേധിച്ച് പീഡന പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്ത്. പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മൊഴി നല്‍കി. എന്നാല്‍ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. പരാതിക്കാസ്പദമായ സംഭവം നടന്ന സമയത്ത് സിനിമാലൊക്കേഷനില്‍ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്യും. ഐസിസി അംഗങ്ങളുടെയും മൊഴിയെടുക്കും.

ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറി. സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടി പറയുന്നത്. ഇതിനിടെ പുറത്തേയ്ക്ക് ഓടിയ നടി സഹപ്രവര്‍ത്തകരോട് കാര്യം പറഞ്ഞു. കോട്ടയത്തെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ച് രണ്ട് മാസം മുന്‍പ് സംഭവം നടന്നതായാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *