മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരായ കച്ചവടകാര്‍ക്കും സംരംഭകര്‍ക്കും നഷ്ടപരിഹാരം നല്‍കും: മന്ത്രി കെ. രാജന്‍

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരായ കച്ചവടകാര്‍ക്കും സംരംഭകര്‍ക്കും നഷ്ടപരിഹാരം നല്‍കും: മന്ത്രി കെ. രാജന്‍
വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കടകളും സംരംഭങ്ങളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. ഇന്നലെ (ഫെബ്രുവരി 20) ന് ചേര്‍ന്ന സ്‌പെഷ്യല്‍ ക്യാബിനറ്റിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തത്തില്‍ കടകളും സംരംഭങ്ങളും നഷ്ടപ്പെട്ടവരെ സംബന്ധിച്ച് ഗൗരവമായ പരിശോധന നടത്തി ചെയ്യാവുന്ന പരമാവധി സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. 2025 ജൂലൈ 30 ന് ചേര്‍ന്ന ക്യാബിനറ്റ് യോഗം അക്കാര്യങ്ങള്‍ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ നഷ്ടപരിഹാരം നല്‍കുമെന്ന് മാത്രമല്ല അത് പഠിക്കാനായി വയനാട് ജില്ലാ കളക്ടറെയും ജില്ലാ വ്യവസായ വകുപ്പിന്റെ മേധാവിയേയും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെയും ചുമതലപ്പെടുത്തിക്കൊണ്ട് ഒരു സബ് കമ്മിറ്റി നിശ്ചയിക്കുകയും അതുമായി ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് ലഭ്യമാക്കുകയും ചെയ്തതായും മന്ത്രി അറിയിച്ചു. പ്രസ്തുത റിപ്പേര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ (ഫെബ്രുവരി 20) ചേര്‍ന്ന ക്യാബിനറ്റ് യോഗം പ്രസക്തമായ തീരുമാനമെടുത്തതായും മന്ത്രി പറഞ്ഞു. പ്രാഥമികമായ കണക്കനുസരിച്ച് 52 കട ഉടമകളുടെ 126 കടമുറികളാണ് നഷ്ടമായിട്ടുള്ളതെന്നും ആ 126 കടമുറികളെ സംബന്ധിച്ചുള്ള തീരുമാനം ക്യാബിനറ്റ് എടുത്തതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. 126 കടമുറികളില്‍ 52 കട ഉടമകളുടെ ഓരോ കടമുറിക്ക് ഏഴ് ലക്ഷം രൂപയും അതില്‍ കൂടുതല്‍ വരുന്ന ഓരോ കടമുറികള്‍ക്കും 2.5 ലക്ഷം രൂപ വീതവും നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇതോടൊപ്പം 72 പേരുടെ 83 സംരംഭങ്ങള്‍ അവിടെ ആരംഭിച്ചിരുന്നതായും അതില്‍ ഇന്‍ഡസ്ട്രിയല്‍ രംഗത്തുള്ള സംരംഭങ്ങള്‍ക്ക് നഷ്ടത്തിന്റെ 50 ശതമാനം തുകയോ ഏറ്റവും കൂടിയത് 20 ലക്ഷം രൂപയോ നല്‍കാനും കൊമേഴ്ഷ്യല്‍ സര്‍വീസ് രംഗത്തുള്ള സംരംഭങ്ങള്‍ക്ക് നഷ്ടത്തിന്റെ 50 ശതമാനം തുകയോ ഏറ്റവും കൂടിയാല്‍ പത്ത് ലക്ഷം രൂപയോ നല്‍കാനും ട്രേഡ് രംഗത്തുള്ള സംരംഭങ്ങള്‍ക്ക് നഷ്ടത്തിന്റെ 50 ശതമാനം തുകയോ ഏറ്റവും കൂടിയത് ഏഴ് ലക്ഷം രൂപയോ നല്‍കാനും തീരുമാനിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു. ദുരന്തമുണ്ടായാല്‍ ഈ വിധത്തില്‍ സി.എം.ഡി.ആര്‍.എഫ് അല്ലെങ്കില്‍ എസ്.ഡി.ആര്‍.എഫ് ഉപയോഗിച്ച് കച്ചവടകാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന സ്ഥിതി വിശേഷം ഇന്ത്യയില്‍ ഒരിടത്തും ഉണ്ടാകാറില്ലെന്നും സാധാരണ നിലയില്‍ ‘ഉജ്ജീവനി’ പോലെയുള്ള ഏതെങ്കിലും പദ്ധതികളില്‍ ഉള്‍പ്പെടുത്തി ലോണോ മറ്റ് ഏര്‍പ്പാടുകളോ ആയി ചെറിയ ശതമാനം പലിശക്കോ പലിശ ഇല്ലാതെയോ പണം കൊടുക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നല്ലാതെ നഷ്ടപരിഹാരമായി തുക നിശ്ചയിച്ച് നല്‍കുന്നത് ഇതാദ്യമാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നെടുത്തായിരിക്കും ആ പണം ലഭ്യമാക്കുകയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ദുരന്ത ബാധിതരുടെ കടങ്ങള്‍ ഏറ്റെടുക്കുന്ന സമയത്ത് കടങ്ങള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ച തീയതി മുതല്‍ പിന്നീടിങ്ങോട്ട് വരുന്ന പലിശ എന്ത് ചെയ്യുമെന്ന പ്രശ്‌നം സര്‍ക്കാരിന് മുമ്പില്‍ ഉണ്ടായിരുന്നതായും ഫെബ്രുവരി 19 ന് ചേര്‍ന്ന സംസ്ഥാന ബാങ്കിംഗ് കമ്മിറ്റി യോഗത്തില്‍ പലിശ എഴുതി തള്ളണമെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അഭിപ്രായം ബാങ്കുകള്‍ പൊതുവായി അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് മാത്രമായി പറയാന്‍ കഴിയുന്ന കാര്യമല്ലെങ്കിലും സിബില്‍ സ്‌കോര്‍ ഒഴിവാക്കുന്നകാര്യം വളരെ ഗൗരവമായി പരിഗണിക്കാമെന്ന് സംസ്ഥാന ബാങ്കിംഗ് കമ്മിറ്റിയില്‍ പങ്കെടുത്ത എല്ലാ ബാങ്കുകളും സര്‍ക്കാരിനോട് സമ്മതിച്ചതായും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്ന കാര്യം ഓരോ ബാങ്കുകളും അവരവരുടെ ഡയറക്ടര്‍ ബോര്‍ഡുകളില്‍ അഭിപ്രായങ്ങള്‍ അറിയിച്ചു കൊണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി 25 നു തന്നെ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ടം ഔപചാരികമായി ഉദ്ഘാടനം ചെയ്ത് ആ നടപടി ക്രമങ്ങളിലേക്ക് കടക്കാനായി തീരുമാനിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി കെ. രാജന്‍ അറിയിച്ചു
