March 22, 2026

ഫെനി ബാലകൃഷ്ണന്റെ നിർണ്ണായക മൊഴി

  • February 19, 2026
  • 1 min read

സോളാർ ഗൂഢാലോചന: കത്ത് കൈമാറിയത് ഗണേഷ് കുമാറിന്റെ പിഎയ്ക്ക്; ഫെനി ബാലകൃഷ്ണന്റെ നിർണ്ണായക മൊഴി

തിരുവനന്തപുരം : സോളാർ കേസ് പ്രതി ജയിലിൽ വെച്ച് എഴുതിയ കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടന്നെന്ന കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ. പത്തനംതിട്ട ജില്ലാ ജയിലിൽ നിന്ന് താൻ ഏറ്റുവാങ്ങിയ 21 പേജുള്ള കത്ത് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പി.എ. പ്രദീപ് കുമാറിനും ബന്ധു ശരണ്യ മനോജിനുമാണ് കൈമാറിയതെന്ന് ഫെനി കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴി നൽകി. പത്തനംതിട്ട ജയിലിൽ കഴിയവെ പ്രതി തയ്യാറാക്കിയ കത്തിൽ യഥാർത്ഥത്തിൽ 21 പേജുകൾ മാത്രമാണുണ്ടായിരുന്നതെന്ന് ഫെനി കോടതിയെ അറിയിച്ചു. 2013 ജൂലൈ 24-നാണ് ജയിൽ സൂപ്പർണ്ടിന് അപേക്ഷ നൽകി കത്ത് കൈപ്പറ്റിയത്. എന്നാൽ പിന്നീട് സോളാർ കമ്മീഷന് മുന്നിലെത്തിയപ്പോൾ കത്തിന് 25 പേജുകളുണ്ടായിരുന്നു. ഉമ്മൻചാണ്ടിയെ രാഷ്ട്രീയമായി തകർക്കാനും അപകീർത്തിപ്പെടുത്താനുമായി നാല് പേജുകൾ അധികമായി ഗൂഢാലോചനയിലൂടെ എഴുതിച്ചേർത്തതാണെന്നാണ് കേസ്. ജയിലിന് പുറത്ത് കാത്തുനിന്ന ഗണേഷ് കുമാറിന്റെ പി.എ. പ്രദീപ് കുമാറിനെയാണ് കത്ത് ആദ്യം ഏൽപ്പിച്ചത്. തുടർന്ന് പ്രദീപിനൊപ്പം കാറിൽ തിരുവനന്തപുരത്തെത്തി ശരണ്യ മനോജിന് കത്ത് കൈമാറി. കത്ത് വായിച്ച ശേഷം കോടതിയിൽ നൽകാനുള്ള പരാതി തയ്യാറാക്കാൻ മനോജ് നിർദ്ദേശിച്ചതായും ഫെനി ബാലകൃഷ്ണൻ മൊഴി നൽകി. പ്രതിയെ പിന്നീട് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയപ്പോൾ, പ്രതി വിദ്യാഭ്യാസമുള്ളയാളായതിനാൽ സ്വയം പരാതി തയ്യാറാക്കണമെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കേസിൽ കുടുക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്ന വാദത്തിന് ബലം നൽകുന്നതാണ് ഫെനിയുടെ മൊഴി. പത്തനംതിട്ട ജയിൽ സൂപ്രണ്ട് 21 പേജുള്ള കത്ത് എണ്ണിത്തിട്ടപ്പെടുത്തി കൈപ്പറ്റിയതിന്റെ രേഖകൾ നേരത്തെ അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതേ കത്താണ് പിന്നീട് പേജുകൾ വർധിച്ച് സോളാർ കമ്മീഷന് മുന്നിലെത്തിയത്. കേസിൽ ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുക്കൽ ഈ മാസം 25-നും തുടരും

Leave a Reply

Your email address will not be published. Required fields are marked *