ദേവസ്വം ഓഫീസിലെ രേഖകൾ പിടിച്ചെടുത്തു

ശബരിമല കൊടിമരക്കൊള്ള: അന്വേഷണം ശക്തമാക്കി വിജിലൻസ്; ദേവസ്വം ഓഫീസിലെ രേഖകൾ പിടിച്ചെടുത്തു
തിരുവനന്തപുരം : ശബരിമല കൊടിമരക്കൊള്ളയിൽ അന്വേഷണം കൂടുതൽ ശക്തമാക്കി വിജിലൻസ്. കൂടുതൽ പേരിൽ നിന്നും മൊഴിയെടുപ്പ് നടത്തിയ വിജിലൻസ് തെളിവുകളും ശേഖരിച്ചു. കൊടിമരം നിർമിച്ച അനന്തൻ ആചാരിയിൽ നിന്നാണ് വിജിലൻസ് പ്രധാനമായും മൊഴിയെടുത്തത്. ചെമ്പുപയോഗിച്ചുള്ള നിർമാണ പ്രവൃത്തികൾ ചെയ്തെന്ന് അനന്തൻ ആചാരി മൊഴി നൽകിയിട്ടുണ്ട്. തിരുവാഭരണം കമ്മീഷണർ ഓഫീസിലെ സൂപ്രണ്ടിന്റെ മൊഴിയും വിജിലൻസ് എടുത്തിട്ടുണ്ട്. വിജിലൻസ് സംഘം പരിശോധനയ്ക്കായി സന്നിധാനത്തെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ദേവസ്വം ഓഫീസിലെ രേഖകളാണ് പിടിച്ചെടുത്തത്. കൊടിമര നിർമാണ ചിത്രങ്ങളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ വൻ കൊള്ള നടന്നതായാണ് വിജിലൻസിൻ്റെ അനുമാനം. കൊടിമര നിർമാണത്തിന് ശേഷം 30 പവൻ സ്വർണം ബാക്കി വന്നിരുന്നതായി ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നു. കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി 9 കിലോ 570 ഗ്രാം സ്വർണമാണ് ദേവസ്വം ബോർഡിന്റെ കയ്യിലുണ്ടായിരുന്നത്. ഇതിൽ 9 കിലോ 340 ഗ്രാം സ്വർണമാണ് കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ഉപയോഗിച്ചത്. ബാക്കി വന്ന 30 പവൻ സ്വർണത്തിന്റെ കണക്കുകൾ ദേവസ്വം ബോർഡിൻറെ പക്കൽ ഇല്ല.



