March 31, 2026

കുമ്പിടീല്‍ ശുശ്രൂഷയ്ക്ക് തുടക്കമായി

  • February 17, 2026
  • 1 min read

കടുത്തുരുത്തി: വലിയ നോമ്പിന്റെ ഭാഗമായി കടുത്തുരുത്തി വലിയപള്ളിയില്‍ പരമ്പരാഗതമായി നടത്തിവരുന്ന കുമ്പിടീല്‍ ശുശ്രൂഷയ്ക്ക് തുടക്കമായി. വലിയനോമ്പിന്റെ ആദ്യ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച്ച വരെ ആറു ദിവസങ്ങള്‍ വൈകുന്നേരം 6.30ന് ആരംഭിക്കുന്ന ജപമാലയ്ക്കു ശേഷമാണ് ഈ ശുശ്രൂഷ നടത്തുന്നത്. ഇന്നലെ ആരംഭിച്ച ശുശ്രൂഷകള്‍ക്ക് വികാരി റവ.ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍ കാര്‍മികത്വം വഹിച്ചു. വിശ്വാസികള്‍ക്ക് ആത്മപരിശോധനയ്ക്കും പാപങ്ങളില്‍ പശ്ചാത്തപിക്കാനും ദൈവസന്നിധിയില്‍ വിനീതമായി സമര്‍പിക്കാനുമുള്ള പ്രത്യേക അവസരമാണ് കുമ്പിടീല്‍ ശുശ്രൂഷ. ശാരീരികമായ ഒരു പ്രാര്‍ത്ഥനാക്രമമെന്നതിലുപരി ആഴത്തിലുള്ള ആത്മീയ അനുഭവമായാണ് ഈ ശുശ്രൂഷ വിശേഷിപ്പിക്കപ്പെടുന്നത്. മണ്ണായ മനുഷ്യന്‍ മണ്ണിലേക്കു തന്നെ മടങ്ങും എന്ന ബോധ്യത്തോടെ ദൈവത്തോടുള്ള അകല്‍ച്ചയില്‍ പരിതപിച്ചു നടത്തുന്ന പ്രായശ്ചിത്ത പ്രാര്‍ത്ഥനയാണ് കുമ്പിടീലിന്റെ പ്രധാന സവിശേഷത. സര്‍വശക്തനായ ദൈവത്തിന്റെ സാന്നിധ്യത്തില്‍ മനുഷ്യന്റെ നിസാരത തിരിച്ചറിഞ്ഞു വിനയത്തോടെ കരുണയ്ക്കായി യാചിക്കുന്ന നിമിഷങ്ങളാണ് ശുശ്രൂഷയെ ഭക്തിസാന്ദ്രമാക്കുന്നത്. കടുത്തുരുത്തി വലിയപള്ളിയില്‍ മാത്രം കാണുന്ന ഒന്നാണിത്. നോമ്പുകാലത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കാനും ആത്മീയ ജീവിതത്തെ ശക്തിപ്പെടുത്താനും കുമ്പിടീല്‍ സഹായകമാകുന്നുവെന്ന് വിശ്വാസികള്‍ പറയുന്നു. കര്‍ത്താവേ, എന്റെ പാപങ്ങള്‍ക്കനുസൃതമായി എന്നോട് പ്രവര്‍ത്തിക്കരുതേ, അങ്ങയുടെ മഹാകാരുണ്യത്തിനനുസരിച്ച് എന്നോട് ദയയുണ്ടാകണമേ എന്ന പ്രാര്‍ത്ഥനയോടെയാണ് ശുശ്രൂഷകള്‍ സമാപിക്കുന്നത്.ഫോട്ടോ ക്യാപ്-വലിയ നോമ്പിന്റെ ഭാഗമായി കടുത്തുരുത്തി വലിയപള്ളിയില്‍ പരമ്പരാഗതമായി നടത്തിവരുന്ന കുമ്പിടീല്‍ ശുശ്രൂഷ.

Leave a Reply

Your email address will not be published. Required fields are marked *