March 22, 2026

വട്ടിയൂർക്കാവിൽ ആർ.ശ്രീലേഖ

  • February 17, 2026
  • 0 min read

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ബിജെപി സ്ഥാനാർഥി നിർണയ ചർച്ചകളിൽ സീറ്റുകളിൽ ധാരണയായെങ്കിലും പ്രഖ്യാപന കാര്യത്തിൽ തിടുക്കം വേണ്ടെന്നു ദേശീയ നേതൃത്വം നിർദേശം നൽകി. പ്രധാന സീറ്റുകളിൽ ഏകദേശ ധാരണയാക്കുക, ദേശീയ നേതൃത്വത്തിന് കൈമാറുക, കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലും കൂടി ചേർന്നുള്ള പ്രഖ്യാപനം നടത്തുക എന്നതിനാണ് സാധ്യത. എന്നാൽ, സീറ്റ് ഉറപ്പാക്കിയ സ്ഥാനാർഥികൾ ആ മണ്ഡലങ്ങളിൽ സജീവമാകുന്നതിനും നിർദേശിച്ചു.നേമം മണ്ഡലത്തിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി.മുരളീധരൻ, മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ, കാട്ടാക്കടയിൽ പി.കെ.കൃഷ്ണദാസ്, പാലായിൽ ഷോൺ ജോർജ്, തിരുവല്ലയിൽ അനൂപ് ആന്റണി എന്നിവർ പ്രവർത്തനം സജീവമാക്കി. വട്ടിയൂർക്കാവിൽ ആർ.ശ്രീലേഖ മത്സരിച്ചേക്കുമെന്നും ഇതിന് ദേശീയനേതൃത്വം തീരുമാനം അറിയിക്കുമെന്നുമാണു വിവരം. തിരുവനന്തപുരം മണ്ഡലത്തിൽ കരമന ജയൻ, ചെങ്കൽ രാജശേഖരൻ നായർ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ചെങ്ങന്നൂരിൽ സന്ദീപ് വാചസ്പതി, ആറന്മുളയിൽ കുമ്മനം രാജശേഖരൻ എന്നിവർക്കാണ് സാധ്യത. ശോഭാ സുരേന്ദ്രനായി കായംകുളം അല്ലെങ്കിൽ പാലക്കാട് ആണ് പരിഗണിക്കുന്നത്. കാസർകോട്ട് എം.എൽ.അശ്വനിയും ആറ്റിങ്ങലിൽ പി.സുധീറും മത്സരിച്ചേക്കും. എറണാകുളത്തെ തൃപ്പൂണിത്തുറയിലും ആലുവയിലും ബിജെപി മത്സരിക്കും. ജില്ലയിലെ ചില സീറ്റുകൾ ട്വന്റി 20ക്കു നൽകും. തൃശൂരിൽ എം.ടി.രമേശിനെയാണ് ആദ്യം പരിഗണിച്ചത്. അപ്രതീക്ഷിത സ്ഥാനാർഥിയായി മറ്റാരെങ്കിലും വരാനും സാധ്യതയുണ്ട്. എൻഡിഎ നേതാക്കളായ തുഷാർ വെള്ളാപ്പള്ളിയും സാബു ജേക്കബും മത്സരിക്കുന്ന കാര്യത്തിൽ ദേശീയ നേതൃത്വവുമായി ആലോചിച്ച് തീരുമാനമുണ്ടാകുമെന്നാണു ബിജെപി നേതൃത്വം വിശദീകരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *