ഇന്ത്യ ഇന്ന് അതിശക്തവും ജനപ്രിയവുമാണ്’ ; നെതന്യാഹു

ടെൽ അവീവ് : ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രധാനമന്ത്രി മോദി ഫെബ്രുവരിയിൽ ഇസ്രായേൽ സന്ദർശിക്കുമെന്ന് നെതന്യാഹു അറിയിച്ചു. ഇന്ത്യ ഇന്ന് അതിശക്തവും ജനപ്രിയവുമായ രാജ്യമാണെന്നും എല്ലാവിധ സഹകരണത്തിനും ചർച്ചകൾ നടത്തുമെന്നും നെതന്യാഹു അറിയിച്ചു. 2017ലായിരുന്നു ഇതിനു മുൻപ് മോദി ഇസ്രായേൽ സന്ദർശിച്ചിരുന്നത്. അമേരിക്കൻ ജൂത സംഘടനകളുടെ പ്രസിഡന്റുമാരുടെ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ പാർലമെന്റിന്റെ പുതിയ സമ്മേളനം ഉടൻ ആരംഭിക്കും എന്നും അടുത്തയാഴ്ച ഞങ്ങൾക്കൊരു വിശിഷ്ടാതിഥി ഉണ്ട് എന്നും നെതന്യാഹു സൂചിപ്പിച്ചു. ” ഇസ്രായേൽ പാർലമെന്റ് ഉടൻ ചേരാൻ പോവുകയാണ്. അടുത്ത ആഴ്ച ആരാണ് അവിടെ വരുന്നത് എന്നറിയാമോ ? നരേന്ദ്ര മോദി, ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള വമ്പിച്ച സഖ്യത്തെക്കുറിച്ച്, എല്ലാത്തരം സഹകരണത്തെക്കുറിച്ചും നമ്മൾ ചർച്ച ചെയ്യാൻ പോകുന്നു. ഇപ്പോൾ, നിങ്ങൾക്കറിയാം,ഇന്ത്യ ഒരു ചെറിയ രാജ്യമല്ല. 1.4 ബില്യൺ ജനങ്ങളുണ്ട്. ഇന്ന് ഇന്ത്യ അതിശക്തവും വളരെയധികം ജനപ്രിയവുമാണ്,” എന്ന് നെതന്യാഹു തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.



