ഓൺലൈൻ ചൂതാട്ടത്തിന് പണം കണ്ടെത്താൻ ബാങ്ക് ലോക്കറിൽ നിന്ന് അസിസ്റ്റന്റ് മാനേജര്‍ 2.7 കിലോ സ്വർണ്ണം കവർന്നു

ബെംഗളൂരു: ഉപഭോക്താക്കളുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 2.7 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ബെംഗളൂരുവിലെ പൊതുമേഖലാ ബാങ്ക് (ഇന്ത്യന്‍ ബാങ്ക്) അസിസ്റ്റന്റ് മാനേജര്‍ അറസ്റ്റില്‍. കിരണ്‍ കുമാര്‍ (34) എന്ന ഉദ്യോഗസ്ഥനാണ് ഓണ്‍ലൈന്‍ ബെറ്റിംഗിനും ചൂതാട്ടത്തിനുമായി പണം കണ്ടെത്താന്‍ വന്‍ കവര്‍ച്ച നടത്തിയത്. ബാങ്കിലെ ലോക്കര്‍ കീകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം ദുരുപയോഗം ചെയ്താണ് കിരണ്‍ മോഷ്ടിച്ചത്. ബ്രാഞ്ച് മാനേജരുടെ അഭാവത്തില്‍, ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ പായ്ക്കറ്റുകളില്‍ നിന്ന് ചെറിയ അളവില്‍ ആഭരണങ്ങള്‍ ഇയാള്‍ ഘട്ടംഘട്ടമായി കടത്തുകയായിരുന്നു. ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന 2,783 ഗ്രാം സ്വര്‍ണ്ണമാണ് ഇത്തരത്തില്‍ നഷ്ടപ്പെട്ടത്.ജനുവരി 2-ന് പണയപ്പെടുത്തിയ ആഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ ഉപഭോക്താക്കള്‍ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ആഭരണങ്ങളില്‍ കുറവുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 21 പായ്ക്കറ്റുകളില്‍ നിന്ന് സ്വര്‍ണ്ണം ഭാഗികമായും, 3 പായ്ക്കറ്റുകളില്‍ നിന്ന് പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി കണ്ടെത്തി.ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കിരണ്‍ കുമാര്‍ പിടിയിലായത്. മോഷ്ടിച്ച സ്വര്‍ണ്ണം വിവിധ പണയമിടപാട് സ്ഥാപനങ്ങളില്‍ നല്‍കി ആ തുക ചൂതാട്ടത്തിന് ഉപയോഗിച്ചതായി ഇയാള്‍ സമ്മതിച്ചു.


