ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ ബൈരതി ബസവരാജിനെ ഏഴ് ദിവസത്തെ സിഐഡി കസ്റ്റഡിയിൽ വിട്ടു.

ബംഗളൂരു: കൊലപാതക്കേസിൽ അറസ്റ്റിലായ കര്‍ണാടക ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ ബൈരതി ബസവരാജിനെ ഏഴ് ദിവസത്തെ സിഐഡി കസ്റ്റഡിയിൽ വിട്ടു.ഫെബ്രുവരി 21 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. 42 അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 2025 ജൂലൈ 15-ന് ഭാരതി നഗറിൽ നാൽപതുകാരനായ ശിവപ്രകാശ് എന്ന ബിക്കു ശിവുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് കേസ്.കേസിലെ അഞ്ചാം പ്രതിയാണ് ബസവരാജ്.ഫെബ്രുവരി 12 ന് സുപ്രിം കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടർന്ന് അഹമ്മദാബാദിൽ നിന്ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഉടൻ തന്നെ സിഐഡി ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ചിൽ ഹൃദയ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ബസവരാജിനെ കോറമംഗലയിലെ ജഡ്ജിയുടെ വസതിയിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി.




