കൈക്കൂലി വാങ്ങുന്നതിനിടെ പ്രതിരോധ ഉദ്യോഗസ്ഥര്‍ സിബിഐ പിടിയില്‍

പുണെ: സ്വകാര്യ കരാറുകാരന്റെ കുടിശ്ശിക തുക പാസാക്കി നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് ഗാരിസണ്‍ എന്‍ജിനീയര്‍ സുനില്‍ നിഗം, ജൂനിയര്‍ എന്‍ജിനീയര്‍ സുരേഷ് മസ്‌കെ എന്നിവരാണ് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പുണെ ഘഡ്കിയിലെ എംഇഎസ് ഓഫീസിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.കരാര്‍ ജോലികള്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചിട്ടും പണം നല്‍കാതെ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം തടഞ്ഞുവെച്ചതായാണ് പരാതി.ആകെ ആറ് ലക്ഷം രൂപയാണ് ഇവര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്കൊടുവില്‍ ആദ്യ ഗഡുവായി രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് കരാറുകാരന്‍ സമ്മതിച്ചു. തുടര്‍ന്ന് ഫെബ്രുവരി 5-ന് സിബിഐ ഒരുക്കിയ കെണിയില്‍ ജൂനിയര്‍ എന്‍ജിനീയര്‍ സുരേഷ് മസ്‌കെ കുടുങ്ങുകയായിരുന്നു.സുരേഷ് മസ്‌കെയുടെ അറസ്റ്റിന് പിന്നാലെ ഗൂഢാലോചനയില്‍ പങ്കാളിയായ സുനില്‍ നിഗത്തെയും സിബിഐ കസ്റ്റഡിയിലെടുത്തു. പ്രതികളുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ തിരച്ചിലില്‍ രേഖകളും കൃത്യമായ സ്രോതസ്സ് വെളിപ്പെടുത്താത്ത 1,88,500 രൂപയും സിബിഐ കണ്ടെടുത്തു.സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ സിബിഐ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.


