കബനി ബോള്‍ഡാണ്…….വിജേഷേട്ടന്റെ നാടക സ്വപനങ്ങള്‍ പേറി മുന്നോട്ട് എന്ന്

നാടക പരിശീലനത്തിനിടെ അന്തരിച്ച പ്രിയകലാകാരന്‍ കെ.വി. വിജേഷിന്റെ കലാസപര്യ അവസാനിക്കുന്നില്ല. വിജേഷ് പാതിവഴിയില്‍ നിര്‍ത്തിയ നാടകം താനും മകളും സുഹൃത്തുക്കളും ചേര്‍ന്ന് പൂര്‍ത്തിയാക്കുമെന്ന് ഭാര്യയും നടിയുമായ കബനി അറിയിച്ചു.വൈകാരികമായ ഒരു കുറിപ്പിലൂടെയാണ് തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നാടക പ്രവര്‍ത്തനങ്ങള്‍ തുടരുന്ന വിവരം കബനി പങ്കുവെച്ചത്. ‘മരണമെന്നത് യാഥാര്‍ഥ്യത്തിലുള്ള ഒരു നാടകമാണ് എന്നത് വിജേഷേട്ടന്‍ എനിക്ക് തന്ന പുതിയ പാഠം.ഇവിടെ മരണപ്പെട്ട നടന്‍ ഉടലോടെ സ്റ്റേജില്‍ നിന്ന് പുറത്തുവരില്ല, പകരം കാണികളുടെ മനസ്സില്‍ ജീവിക്കും,’ എന്ന് കബനി കുറിച്ചു.

വിജേഷിന്റെ പാട്ടുകളെയും വരകളെയും നാടകങ്ങളെയും ലോകം ഇത്രത്തോളം ചേര്‍ത്തുപിടിക്കുമ്പോള്‍, നാടകക്കാരിയാവാന്‍ താന്‍ എടുത്ത തീരുമാനം ഈ നിയോഗത്തിന് വേണ്ടിയായിരിക്കാം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നാടക പരിശീലനം നല്‍കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു വിജേഷിന്റെ അന്ത്യം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം നാടകവേദിയില്‍ സജീവമായ വിജേഷ്, രചയിതാവ്, സംവിധായകന്‍, ആക്ടിങ് ട്രെയിനര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു.

കബനിയുമായി ചേര്‍ന്ന് അദ്ദേഹം രൂപീകരിച്ച ‘തിയേറ്റര്‍ ബീറ്റ്സ്’ എന്ന സംഘടനയിലൂടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നാടകത്തെ ജനകീയമാക്കി. ‘നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ’ തുടങ്ങിയ ജനപ്രിയ ഗാനങ്ങളുടെ രചയിതാവായ വിജേഷ് കോഴിക്കോട് സ്വദേശിയാണ്.’മങ്കിപ്പെന്‍’, ‘ആമി’, ‘ക്ലിന്റ്’ തുടങ്ങി നിരവധി സിനിമകളിലെ അഭിനേതാക്കള്‍ക്ക് അഭിനയ പരിശീലനം നല്‍കിയതും അദ്ദേഹമായിരുന്നു. തന്റെ പ്രിയതമന്റെ കലാചിന്തകള്‍ക്കും സര്‍ഗ്ഗാത്മകതയ്ക്കും മരണമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കബനി ഇപ്പോള്‍ തേവരയില്‍ നാടക കളരിയുമായി മുന്നോട്ട് പോകുന്നത്.


