യുവതിയും യുവാവും ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ

യുവതിയും യുവാവും ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി
കോട്ടയം : യുവതിയെയും യുവാവിനെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മര്യാത്തുരുത്ത് സ്വദേശി ആസിയ (20), പുതുപ്പള്ളി സ്വദേശി നന്ദകുമാർ (22) എന്നിവരെയാണ് ഫാനിൽ തൂങ്ങിയ നിലയിൽ ഇന്നലെ രാത്രി കണ്ടെത്തിയത്. ഇരുവരും കമിതാക്കളായിരുന്നുവെന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു. ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ വ്യാഴാഴ്ച ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. മുറി തുറക്കാതിരുന്നതിനെ തുടർന്ന് രാത്രി 9.15ന് ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. എസ്എച്ച്ഒ എം.ജെ.അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് മുറി തുറന്നത്. അഗ്നിരക്ഷാസേനയും എത്തിയിരുന്നു. മുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ ഇന്നു രാവിലെ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


