February 4, 2026

കുട്ടിയുടെ മരണത്തില്‍ നിരവധി ദുരൂഹതകള്‍

  • January 29, 2026
  • 1 min read

ആദിത്യയുടെ ഫോണ്‍ ലോക്ക് ചെയ്തനിലയില്‍; ‘കൊറിയന്‍ സുഹൃത്ത്’ ഫേക്കോ? കൊറിയന്‍ ഭാഷയിലും കുറിപ്പ്, 16 കാരിയുടെ മരണത്തില്‍ ദുരൂഹത.

കൊച്ചി: വീട്ടില്‍നിന്ന് സ്‌കൂളിലേക്കുപോയ പെണ്‍കുട്ടിയെ വീടിനു സമീപമുള്ള കരിങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാമല കക്കാട് കിണറ്റിങ്കല്‍പറമ്പില്‍ വീട്ടില്‍ മഹേഷിന്റെയും രമ്യയുടെയും മകള്‍ ആദിത്യ (16) യെയാണ് രാവിലെ ഒന്‍പതോടെ വീടിനു സമീപത്തെ ഉപയോഗശൂന്യമായ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ചോറ്റാനിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബ് ടെക്നീഷ്യന്‍ കോഴ്സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. കൊറിയന്‍ സുഹൃത്ത് ഒരാഴ്ച മുന്‍പ് അപകടത്തില്‍ മരിച്ചതിലുള്ള വിഷമം കൊണ്ടാണ് മരണമെന്ന് കുട്ടിയുടെ കുറിപ്പ് കിട്ടിയതായി പോലീസ് പറഞ്ഞു.

            രാവിലെ 7.45-നാണ് വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോകാനായി ഇറങ്ങിയത്. ബസ് സ്റ്റോപ്പിലേക്ക് പോകാനായി പോയ പെണ്‍കുട്ടിയുടെ മൃതദേഹം എതിര്‍ദിശയില്‍ 100 മീറ്റര്‍ മാറിയുള്ള ക്വാറിയിലാണ് കണ്ടത്. സ്‌കൂള്‍ ബാഗ് കരയില്‍ ഉണ്ടായിരുന്നു. രാവിലെ 9-ഓടെ വെള്ളത്തില്‍ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കുട്ടിയുടെ അമ്മയും ബന്ധുക്കളും ഉള്‍പ്പെടെ കണ്ടിരുന്നു. എന്നാല്‍, ആദിത്യയാണ് മരിച്ചതെന്ന് ആദ്യം ഇവര്‍ക്ക് മനസ്സിലായില്ല. പിന്നീട് ഐഡി കാര്‍ഡിലെ പേര് കേട്ടപ്പോഴാണ് കുട്ടിയാണെന്ന് മനസ്സിലായത്. രാവിലെ ക്ഷേത്രത്തില്‍ പോയി വീട്ടില്‍ മടങ്ങിയെത്തി ഭക്ഷണവും കഴിച്ച് സ്‌കൂളിലേക്ക് പോയതാണ്. ചോറ്റാനിക്കര പോലീസ് എത്തി മൃതദേഹം പുറത്തെടുത്ത് കൊച്ചി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംസ്‌കാരം നടത്തി.


         കുട്ടിയുടെ ബാഗില്‍ ഉണ്ടായിരുന്ന ബുക്കില്‍നിന്ന് ലഭിച്ച ഇംഗ്ലീഷില്‍ എഴുതിയ മൂന്നു പേജ് വരുന്ന കുറിപ്പിലാണ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിനെ കുറിച്ചും സുഹൃത്ത് ദിവസങ്ങള്‍ക്കു മുന്‍പ് മരിച്ചതിനെ കുറിച്ചും പറഞ്ഞിട്ടുള്ളത്. കുട്ടിയുടെ നോട്ട്ബുക്കില്‍ കൊറിയന്‍ ഭാഷയിലുള്ള കുറിപ്പുകളും ഉണ്ട്. അച്ഛനും അമ്മയ്ക്കും തന്നോട് വലിയ സ്നേഹം ഉണ്ടെന്നും എന്നാലും സുഹൃത്തിന്റെ മരണം താങ്ങാനാവുന്നതല്ലെന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയാണെന്നുമാണ് കുറിപ്പില്‍ പറയുന്നത്. എന്നാല്‍, കുട്ടി കബളിപ്പിക്കപ്പെട്ടതാണോ എന്നുള്ള സംശയമുണ്ട്. കുട്ടിയുടെ ഫോണ്‍ ലോക്ക് ചെയ്ത നിലയിലാണ്. ഫോണ്‍ പരിശോധിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്ന നിലപാടിലാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *