February 4, 2026

യുവതിയെ കൊലപ്പെടുത്തി തലയറുത്ത് മാറ്റി

  • January 27, 2026
  • 1 min read

യുവതിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആഗ്ര സ്വദേശിനിയും സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജരുമായ മിങ്കി ശർമ(25)യുടെ കൊലപാതകത്തിലാണ് സഹപ്രവർത്തകനായ വിനയ് രജ്പുതിനെ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ കൊലപ്പെടുത്തി തലയറുത്ത് മാറ്റിയ പ്രതി, യുവതിയുടെ സ്‌കൂട്ടറിലെത്തിയാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു.ജോലിക്കുപോയ മിങ്കി ശർമ വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞ് ജനുവരി 23-നാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. തുടർന്ന് ആഗ്ര നഗരത്തിൽ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. പ്രധാന റോഡുകളിലെയും പരിസരപ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് ജനുവരി 24-ന് പുലർച്ചെ ഒരുമണിയോടെ പാർവതി വിഹാറിൽ ചാക്കിൽക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ചാക്ക് തുറന്നപ്പോൾ ശിരസ്സറ്റനിലയിലുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടത്. തുടർന്ന് പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ഈ പരിശോധനയിലാണ് മിങ്കി ശർമയുടെ സ്‌കൂട്ടറിൽ ഒരാൾ ചാക്കുമായി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് ദൃശ്യങ്ങളിലുള്ളത് യുവതിയുടെ സഹപ്രവർത്തകനായ വിനയ് ആണെന്ന് പോലീസ് തിരിച്ചറിയുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.ചോദ്യംചെയ്യലിൽ യുവതിയെ കൊലപ്പെടുത്തിയത് താനാണെന്ന് വിനയ് സമ്മതിച്ചു. മിങ്കിയുമായി അടുപ്പത്തിലായിരുന്നുവെന്നും അടുത്തിടെയായി മറ്റൊരാളുമായി മിങ്കി ശർമയ്ക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് ഇയാളുടെ മൊഴി. ഇതേച്ചൊല്ലി യുവതിയുമായി പലതവണ വഴക്കിട്ടിരുന്നതായും പ്രതി സമ്മതിച്ചു.

സംഭവദിവസവും യുവതിയും പ്രതിയും തമ്മിൽ ഓഫീസിൽവെച്ച് വഴക്കുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി യുവതിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. തുടർന്ന് യുവതിയെ വിളിച്ചുവരുത്തിയ പ്രതി, കത്തി ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഇതിനുശേഷം തലയടക്കം അറത്തുമാറ്റി. പിന്നീട് അറത്തുമാറ്റിയ തലയും ബാക്കിഭാഗവും രണ്ട് ചാക്കുകളിലാക്കി യുവതിയുടെ സ്‌കൂട്ടറിൽതന്നെ പുറത്തേക്ക് കൊണ്ടുപോയി. അറത്തുമാറ്റിയ തല പാലത്തിന് സമീപത്തെ അഴുക്കുചാലിലേക്കും ബാക്കിഭാഗം പുഴയിലേക്കും എറിഞ്ഞു. സംഭവത്തിനുശേഷം സംശയം തോന്നാതിരിക്കാൻ യുവതിയുടെ കുടുംബാംഗങ്ങളുമായും പ്രതി ആശയവിനിമയം നടത്തി. യുവതിയെ കാണാനില്ലെന്ന പരാതി നൽകാനടക്കം പ്രതി ബന്ധുക്കളെ സഹായിച്ചതായും പോലീസ് പറഞ്ഞു.അതേസമയം, പ്രതി ഉപേക്ഷിച്ച തലയുടെ ഭാഗം ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്ന് സിറ്റി ഡിസിപി സയ്യിദ് അലി അബ്ബാസ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *