അങ്ങാടിപ്പുറം കുരുക്കിന് പരിഹാരം..

അങ്ങാടിപ്പുറം കുരുക്കിന് പരിഹാരം; വൈലോങ്ങര – ഓരാടംപാലം ബൈപാസ് ഭൂമിയേറ്റെടുക്കലിന് 3.24 കോടി അനുവദിച്ചു..!
കോഴിക്കോട് – പാലക്കാട് ദേശീയപാതയിലെ അങ്ങാടിപ്പുറം ജംഗ്ഷനിലെ കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകാൻ പോകുന്ന വൈലോങ്ങര – ഓരാടംപാലം ബൈപാസ് പദ്ധതി യാഥാർഥ്യത്തിലേക്ക്. പദ്ധതിക്കായി 1.0597 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് ഭൂവുടമകൾക്ക് നൽകാനായി കിഫ്ബി (KIIFB) മുഖേന 3,24,91,620 രൂപ അനുവദിച്ചു. തുക വിതരണം ചെയ്യുന്നതോടെ ടെൻഡർ നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.ആദ്യഘട്ടത്തിൽ 12 മീറ്ററായിരുന്നു റോഡിന് നിശ്ചയിച്ചിരുന്ന വീതിയെങ്കിലും പുതിയ എസ്റ്റിമേറ്റ് പ്രകാരം ഇത് 13.60 മീറ്ററായി വർദ്ധിപ്പിച്ചിട്ടുണ്ട്. മലപ്പുറം – മഞ്ചേരി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് കോട്ടക്കൽ – വളാഞ്ചേരി ഭാഗത്തേക്ക് പോകാൻ അങ്ങാടിപ്പുറം ജംഗ്ഷനിൽ എത്താതെ തന്നെ ഈ ബൈപാസ് വഴി യാത്ര ചെയ്യാനാകും. ഇത് ജംഗ്ഷനിലെ തിരക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. 2016-ൽ 12.62 കോടി രൂപ അനുവദിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. പിന്നീട് ഡി.പി.ആർ പുതുക്കി 16.09 കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. 2023 ജൂൺ 17-ന് ബൈപാസിന് കല്ലിട്ടെങ്കിലും ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാകാത്തതിനാൽ നിർമ്മാണം തുടങ്ങാനായിരുന്നില്ല. ഭൂമി വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരത്തുക ഒട്ടും വൈകാതെ വിതരണം ചെയ്യുമെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ.


