ദൃശ്യ കൊലക്കേസ്; പ്രതി ചാടിപ്പോയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചു; നാല് പോലിസുകാരെ സ്ഥലം മാറ്റി………

ദൃശ്യ കൊലക്കേസ്; പ്രതി ചാടിപ്പോയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചു; നാല് പോലിസുകാരെ സ്ഥലം മാറ്റി…………
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ചാടി പോയ സംഭവത്തില്‍ നാല് പൊലീസുകാര്‍ക്കെതിരെ നടപടി. അന്ന് ജോലിയിലുണ്ടായ നാല് പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.
സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചു എന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡിസംബര്‍ 29-ന് രാത്രിയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് വിനീഷ് രക്ഷപ്പെട്ടത്. പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇയാളെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഒരു സിസിടിവിയിലും പതിയാതെ എങ്ങനെ ഇയാള്‍ നഗരം വിട്ടു പോയി എന്നതാണ് പൊലീസിനെ കുഴക്കുന്നത്.
സെല്ലിലും ജയിലിലും പൊതുവേ അക്രമ സ്വഭാവം കാണിക്കുന്ന സ്വഭാവക്കാരനാണ് വിനീഷ് എന്ന് അന്വേഷണ സംഘം തന്നെ സമ്മതിക്കുന്നു. പിടിക്കപ്പെട്ടില്ലെങ്കില്‍ ദൃശ്യയുടെ അടുത്ത ബന്ധുക്കള്‍ക്ക് പോലും ഭീഷണിയാണെന്ന് പൊലീസ് റിപ്പോര്‍ട്ടും നിലവിലുണ്ട്.
ദൃശ്യയുടെ അമ്മയും സഹോദരിയും താമസിക്കുന്ന സ്ഥലത്ത് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ, മഞ്ചേരി എന്നീ സ്റ്റേഷനുകളുടെ സഹായത്തോടെ വിനീഷിന്റെ വീട്, ബന്ധുവീടുകള്‍, ദൃശ്യയുടെ വീട്, സമീപ വീടുകള്‍ എന്നിവിടങ്ങളിലെല്ലാം മഫ്തിയില്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇവിടങ്ങളിലൊന്നും വിനീഷ് എത്തിയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
2021ല്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ സ്വദേശിയായ ദൃശ്യയെ(21) കുത്തി കൊലപ്പെടുത്തിയ കേസിലാണ് വിനീഷ് ജയിലിലായത്. പിതാവിന്റെ വ്യാപാര സ്ഥാപനത്തിന് തീയിട്ടശേഷം വീട്ടില്‍ അതിക്രമിച്ചു കയറി കിടപ്പുമുറിയില്‍ നിന്ന് ദൃശ്യയെ കുത്തി വീഴ്ത്തുകയായിരുന്നു. റിമാന്‍ഡിലായ വിനീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
2022-ലും പ്രതി കുതിരവട്ടത്ത് നിന്ന് ചാടിപ്പോയിരുന്നു. അന്ന് കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്ന് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.


