March 27, 2026

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

  • January 20, 2026
  • 1 min read

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്- അടിയന്തിര ചികിത്സ ഒഴികെയുള്ള സേവനങ്ങളും അധ്യാപനവും ബഹിഷ്കരിക്കുന്നു.

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്കരണ കുടിശ്ശിക പൂർണമായി നൽകിയിട്ടും മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിക അന്യായമായി നീട്ടിവയ്ക്കുന്നത് അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, അന്യായമായ പെൻഷൻ സീലിംഗ് കേന്ദ്ര നിരക്കിൽ പരിഷ്കരിക്കുക, താൽക്കാലിക കൂട്ടസ്ഥലം മാറ്റങ്ങൾ ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകൾ സൃഷ്ടിച്ച് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സുഗമമാക്കുക, മെഡിക്കൽ കോളേജുകളിൽ രോഗികൾക്കും ഡോക്ടർമാർക്കും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ഡി.എ. കുടിശ്ശിക നൽകുക തുടങ്ങി വർഷങ്ങളായി ഉന്നയിച്ചിട്ടുള്ള വിവിധ ആവശ്യങ്ങളിൽ ഗവൺമെന്റ് അധികൃതർ നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ ഒന്നും പാലിക്കാത്തതിനെ തുടർന്ന് 2025 ജൂലൈ 1 മുതൽ കെജിഎംസിറ്റിഎ പ്രതിഷേധത്തിലാണ്. അധികാരികളുടെ ഭാഗത്തുനിന്നും ഒരു വിധത്തിലുമുള്ള പരിഹാര നടപടികളും ഉണ്ടാകാത്തതിനാൽ പ്രതിഷേധം ശക്തമാക്കി റിലേ ഒ.പി. ബഹിഷ്കരണം ഉൾപ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികളിലേക്ക് പ്രവേശിച്ചതിനെ തുടർന്ന് 10/11/2025-ന് ബഹുമാനപ്പെട്ട ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുകയുണ്ടായി. പ്രസ്തുത യോഗത്തിൽ സംഘടനയുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കുവാൻ വകുപ്പ് ശ്രമിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ സംഘടനയ്ക്കു നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനാൽ 13/01/2026 മുതൽ സമരം ശക്തമാക്കുവാൻ തീരുമാനിച്ചിരുന്നു. 12/01/2026 നു ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി, ബഹുമാനപ്പെട്ട ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പ്രവേശന തസ്തികയിൽ ഉണ്ടായ ശമ്പളക്കുറവ് പരിഹരിക്കാമെന്നും ശമ്പള പരിഷ്കരണ കുടിശ്ശിക നൽകുന്നത് പരിഗണിക്കാമെന്നും അറിയിച്ചു. ഈ ഉറപ്പിന്റെ വെളിച്ചത്തിൽ സംഘടന സമരം നീട്ടി വയ്ക്കുകയുണ്ടായി. എന്നാൽ 18/01/2026 നു ഇറങ്ങിയ സർക്കാർ ഉത്തരവ് നിരാശാജനകമായിരുന്നു. പ്രവേശന തസ്തികയിൽ ഉണ്ടായ ശമ്പള കുറവ് ഭാഗികമായി മാത്രം പരിഗണിച്ചു കൊണ്ടുള്ള അലവൻസാണ് നൽകിയത്. അതിനു തന്നെ മുൻകാല പ്രാബല്യവുമില്ല, ഉടൻ തന്നെ വരാനിരിക്കുന്ന അടുത്ത ശമ്പളപരിഷ്കരണത്തിലേക്ക് തുടർച്ചയും ഇല്ല. അതിനാൽ തന്നെ എൻട്രി കേഡറിലെ ബഹുദൂരിഭാഗം ഡോക്ടർമാർക്കും ഒരു വിധത്തിലുമുള്ള ഗുണവുമില്ലാത്ത നിർദ്ദേശമാണ് അതിൽ ഉള്ളത്. മാത്രമല്ല ബഹുഭൂരിപക്ഷം ഡോക്ടർമാർക്കും ബാധകമായിട്ടുള്ള ശമ്പള പരിഷ്കരണ കുടിശ്ശിക നൽകുന്ന കാര്യത്തിൽ ഒരു നടപടിയും തുടങ്ങിയിട്ടുമില്ല. നിപ്പയുടെയും കോവിഡിന്റെയും കാലഘട്ടത്തിൽ പൊതുജനങ്ങളുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തി രാപ്പകൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ അധ്വാനിച്ച കാലയളവിൽ ഉൾപ്പെടെയുള്ള ശമ്പള പരിഷ്കരണ കുടിശ്ശികയാണ് അതുമൂലം പേരും പെരുമയും നേടിയെടുത്ത സർക്കാർ നൽകാതെ വഞ്ചിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഈ കാലയളവിൽ സർക്കാർ ജീവനക്കാർക്ക് ഒക്കെ ശമ്പളപരിഷ്കരണ കുടിശ്ശിക പൂർണ്ണമായി നൽകാൻ തീരുമാനിച്ചിട്ടും, അന്ന് അക്ഷീണം ജോലി ചെയ്ത മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് കുടിശ്ശിക ഭാഗികമായി പോലും നൽകുവാൻ സർക്കാർ തയ്യാറാവുന്നില്ല. ധനകാര്യ വകുപ്പ് ഇക്കാര്യത്തിൽ നീതിപൂർവ്വം പെരുമാറുന്നില്ല. ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി, ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി, ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നിവരോട് സംഘടന ഇക്കാര്യം പലവട്ടം ചൂണ്ടിക്കാട്ടി എങ്കിലും ഇതുവരെ അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല. മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും കോവിഡ് കാലയളവിൽ ഡോക്ടർമാർക്ക് അധിക ഇൻസെന്റീവുകൾ നൽകി പ്രോത്സാഹിപ്പിച്ചപ്പോൾ അതൊന്നും ഇല്ലാതെ ഉത്തരവാദിത്വബോധത്തോട് കൂടി സമൂഹത്തിനും സർക്കാരിനും വേണ്ടി പ്രവർത്തിച്ച കേരളത്തിലെ മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് അല്ലാതെ തന്നെ ന്യായമായി അർഹതപ്പെട്ട ശമ്പളപരിഷ്കരണ കുടിശ്ശിക പോലും നൽകുന്നില്ല. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്കരണ കുടിശ്ശിക പൂർണമായി നൽകുമ്പോഴാണ് ഡോക്ടർമാരോട് വാഗ്ദാനങ്ങൾ നൽകി വഞ്ചന കാട്ടുന്നത് എന്നത് ശ്രദ്ധേയമാണ്. സംസ്ഥാന ഗവൺമെൻറ് ജീവനക്കാർക്കും മെഡിക്കൽ കോളേജ് ഡോക്ടർമാർക്കും ഒരേ തീയതികളിൽ (2023 ഏപ്രിൽ, 2023 ഒക്ടോബർ, 2024 ഏപ്രിൽ, 2024 ഒക്ടോബർ) തന്നെ 25% വീതമുള്ള നാല് ഗഡുക്കളായി ശമ്പളപരിഷ്കരണ കുടിശ്ശിക നൽകുവാൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ട് മുൻപ് 26.2. 2021 തീയതിയിൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഗവൺമെൻറ് അധികാരത്തിൽ വീണ്ടും വന്നതിനുശേഷം 2023 ൽ കുടിശ്ശിക നൽകേണ്ട തീയതി അടുത്തപ്പോൾ രണ്ടു കൂട്ടർക്കും കുടിശ്ശിക നൽകുന്നത് നീട്ടി വെച്ച് പുതിയ ഉത്തരവിറക്കുകയാണ് ഉണ്ടായത്. എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അടുത്തകാലത്ത് (2025 മാർച്ച് മാസത്തിൽ ഇറങ്ങിയ ഉത്തരവിലൂടെ) ആദ്യ രണ്ടു ഗഡു കുടിശിക ജീവനക്കാരുടെ പി എഫ് അക്കൗണ്ടിലേക്ക് വിതരണം ചെയ്യുക ഉണ്ടായെങ്കിലും മെഡിക്കൽ കോളേജ് ഡോക്ടർമാരെ അവഗണിച്ചു. പിന്നീട് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സംസ്ഥാന ഗവൺമെൻറ് ജീവനക്കാരുടെ ബാക്കിയുള്ള രണ്ട് ഗഡു 2026 ഏപ്രിൽ ഒന്നിന് ശേഷം പി എഫ് അക്കൗണ്ടിലേക്ക് നൽകി കുടിശ്ശിക മുഴുവൻ തീർക്കുവാൻ 2025 നവംബറിൽ ഉത്തരവിറക്കിയപ്പോഴും മെഡിക്കൽ കോളേജ് ഡോക്ടർമാരെ പൂർണ്ണമായി അവഗണിച്ചു. ശമ്പള പരിഷ്കരണ കുടിശ്ശിക നൽകുന്നതിലെയും പ്രവേശന തസ്തികയിലെ ശമ്പള അപാകത പരിഹരിക്കുന്നതിലെയും അവഗണന മാത്രമല്ല ജനങ്ങൾക്ക് പ്രയോജനകരമാംവിധം മെഡിക്കൽ കോളേജുകളുടെ ഉന്നമനത്തിനായി സംഘടന ഉന്നയിച്ച ഒട്ടുമിക്ക ആവശ്യങ്ങളും നിരാകരിക്കപ്പെടുകയുണ്ടായി. ആയതിനാൽ ചട്ടപ്പടി സമരവും നിസ്സഹകരണവും തുടരുന്നതിനോടൊപ്പം സമരം ശക്തമാക്കുവാൻ തീരുമാനിച്ചിരിക്കുന്നു. 2026 ജനുവരി 22 (വ്യാഴായ്ച്ച) മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപനം ബഹിഷ്കരിക്കുന്നതാണ്. ജനുവരി 22 ന് എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരത്ത് ഡി.എം.ഇ. ഓഫീസിനു മുന്നിലും ധർണ്ണ നടത്തുന്നതാണ്. ജനുവരി 27 (ചൊവ്വാഴ്ച്ച) സെക്രട്ടേറിയേറ്റിനു മുന്നിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ ധർണ്ണ നടത്തുന്നതാണ്. അന്നേ ദിവസം സൂചനയായി ഒ.പി. ബഹിഷ്കരണത്തോടൊപ്പം അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് പ്രൊസീജറുകളും നടത്തുകയില്ല. അനിശ്ചിതകാല അധ്യാപന ബഹിഷ്കരണത്തോടൊപ്പം അനിശ്ചിതകാല റിലേ സത്യാഗ്രഹം തുടങ്ങുന്നു. ഫെബ്രുവരി 2 (തിങ്കളാഴ്ച്ച) അനിശ്ചിതകാല അധ്യാപന ബഹിഷ്കരണത്തോടൊപ്പം അനിശ്ചിതകാലത്തേക്ക് ഒപിയും ബഹിഷ്കരിക്കുന്നു.. ഫെബ്രുവരി 9 (തിങ്കളാഴ്ച്ച) അനിശ്ചിതകാല അധ്യാപനം ഒപി ബഹിഷ്കരണത്തോടൊപ്പം അനിശ്ചിതകാലത്തേക്ക് അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും നിറുത്തുന്നു. ഫെബ്രുവരി 11 (ബുധനാഴ്ച) മുതൽ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികൾ ബഹിഷ്കരിക്കും. അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു., ഐ.പി. ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കെജിഎംസിറ്റിഎ സംസ്ഥാന സമിതിക്കു വേണ്ടി, ഡോ. റോസ്നാരാ ബീഗം ടി സംസ്ഥാന പ്രസിഡന്റ് ഡോ. അരവിന്ദ് സി എസ് ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *