March 27, 2026

ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്തപ്പോള്‍വരുത്തിയ ഭേദഗതികളും ഒഴിവാക്കലുകളും

  • January 20, 2026
  • 1 min read

ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്തപ്പോള്‍വരുത്തിയ ഭേദഗതികളും ഒഴിവാക്കലുകളും സംബന്ധിച്ച്: (മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്:) ഇന്ന് ബഹു. ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും വരുത്തിയിട്ടുള്ളത് അംഗങ്ങളുടെയും ചെയറിന്റെയും ശ്രദ്ധയില്‍പ്പെടുത്തുന്നു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12, 15, 16 എന്നിവയില്‍ ബഹു. ഗവര്‍ണറുടെ പ്രസംഗത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുയിട്ടുണ്ട്. ഭരണഘടനയുടെ അന്തഃസത്തയ്ക്കും സഭയുടെ കീഴ്‌വഴക്കങ്ങള്‍ക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നത്. അനുച്ഛേദം 176 പ്രകാരം ബഹു. ഗവര്‍ണര്‍ ഒരു വര്‍ഷത്തിലെ ആദ്യത്തെ സമ്മേളനം ചേരുമ്പോള്‍ നിയമസഭയെ അഭിസംബോധന ചെയ്യാറുണ്ട്. ഗവണ്‍മെന്റിന്റെ നയപ്രഖ്യാപനമാണ് ബഹു. ഗവര്‍ണര്‍ സഭയില്‍ നടത്തുന്നത് എന്നതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുന്നതാണ്. ഇക്കാര്യം സംബന്ധിച്ച് ചെയറില്‍ നിന്നും നിരവധി തവണ റൂളിങ്ങുകളും ഉണ്ടായിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12 ലെ ആദ്യ വാചകം ഇപ്രകാരമാണ്: ‘

ഇത്തരം സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടും, ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യൂണിയന്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ്.” ഈ വാചകം ബഹു. ഗവര്‍ണര്‍ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 15 ലെ അവസാന രണ്ടു വാചകങ്ങള്‍ ഇപ്രകാരമാണ്: ‘സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്‍ എന്റെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഒരു ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയുമാണ്. ” ഈ വാചകം ബഹു. ഗവര്‍ണര്‍ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 16 ലെ അവസാന വാചകം ഇപ്രകാരമാണ്: ‘നികുതി വിഹിതവും ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും, ഔദാര്യമല്ലാത്തതും, ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏതൊരു സമ്മര്‍ദ്ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബ്ബലപ്പെടുന്നതുമാണ്.” ഈ വാചകത്തിനോടൊപ്പം ‘എന്റെ സര്‍ക്കാര്‍ കരുതുന്നു” എന്നു ബഹു. ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നയപ്രഖ്യാപന പ്രസംഗത്തില്‍ ബഹു. ഗവര്‍ണര്‍ ഒഴിവാക്കിയവ ഉള്‍പ്പെടുത്തിയും, കൂട്ടിച്ചേര്‍ക്കലുകള്‍ ഒഴിവാക്കിയും, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഇത് ആധികാരികമായ നയപ്രഖ്യാപന പ്രസംഗമായി അംഗീകരിക്കണമെന്ന് അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *