March 27, 2026

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ ബി.ജെ.പി സീല്‍ വന്ന സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

  • March 27, 2026
  • 0 min read

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ ബി.ജെ.പി സീല്‍ വന്ന സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഔദ്യോഗിക നോട്ടീസില്‍ ബി.ജെ.പിയുടെ സീല്‍ പതിഞ്ഞത് അവിശ്വസനീയവും നിര്‍ഭാഗ്യകരവുമായ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിമര്‍ശനങ്ങളെ നേരിടേണ്ടത് വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുത്തുകൊണ്ടല്ല. അത് ജനാധിപത്യത്തിന് ഭൂഷണമായ കാര്യമല്ല. ജനാധിപത്യ സംവിധാനത്തില്‍ വിയോജിക്കാനും വിമര്‍ശിക്കാനുമുള്ള അവകാശം നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും പൂര്‍ണ്ണ നിയന്ത്രണം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തിലുണ്ടായ പോലീസ് നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു പങ്കുമില്ല.
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമായിരിക്കും പോലീസ് ഈ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടാവുക. സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ അടിയന്തരമായി ഇടപെടുകയും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ബി.ജെ.പി സീല്‍ പതിഞ്ഞ തെരഞ്ഞെടുപ്പ് കമീഷന്റെ കത്ത് ആളുകള്‍ ഷെയര്‍ ചെയ്യുന്നതില്‍ പൊലീസ് നടപടിയെടുത്തതിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് കമീഷന്റെ കത്തില്‍ ബി.ജെ.പി സീല്‍ വന്ന സംഭവത്തില്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും എക്‌സിനും കേരള പൊലീസിന്റെ നോട്ടീസ്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും തെരഞ്ഞെടുപ്പ് കമീഷന്റെ കത്ത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എക്‌സ് പല ഉപഭോക്താക്കള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. നോട്ടീസ് അയച്ച വിവരം സൈബര്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ ബിനോജ് സ്ഥിരീകരിച്ചു.
തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരണം നല്‍കിയ സാഹചര്യത്തില്‍ നോട്ടീസുകള്‍ ഒഴിവാക്കണമെന്നാണ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടത്. 270 എക്‌സ് ഹാന്‍ഡിലുകളും 200 ഫേസ്ബുക്ക് പേജുകളും 90 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസ് ഷെയര്‍ ചെയ്തു. എക്‌സ് ഒഴികെ ബാക്കിയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളെല്ലാം നോട്ടീസ് ഒഴിവാക്കിയിട്ടുണ്ടെന്നും സൈബര്‍ സെല്‍ അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *