March 27, 2026

മരിച്ചയാളുടെ മൃതദ്ദേഹം ഉപേക്ഷിച്ച പോയവര്‍ പിടിയില്‍

  • January 19, 2026
  • 0 min read

അജ്ഞാത മൃതദേഹം വീല്‍ചെയറില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ സംഭവത്തിലെ ദുരൂഹത നീങ്ങി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യന്‍ പൗരന്മാരെ കുവൈറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മരിച്ച വ്യക്തിയും ഇന്ത്യന്‍ പൗരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയില്‍ മരിച്ച വ്യക്തിയുടെ മരണം സ്വാഭാവിക കാരണങ്ങളാലാണെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തില്‍ മുറിവുകളോ, മറ്റ് അസ്വാഭാവികതകളോ കണ്ടെത്തിയിട്ടില്ല.

പിടിയിലായവരും, മരിച്ച വ്യക്തിയും കുവൈറ്റില്‍ വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവരായിരുന്നു. മരണം അധികൃതരെ അറിയിച്ചാല്‍ തങ്ങള്‍ പിടിക്കപ്പെടുമെന്നും, നാടുകടത്തപ്പെടുമെന്നും ഭയന്നാണ് ഇവര്‍ മൃതദേഹം രഹസ്യമായി ആശുപത്രിയില്‍ എത്തിച്ച് ഉപേക്ഷിച്ചത്. സുഹൃത്ത് മരിച്ചതിനെ തുടര്‍ന്ന് ഇവര്‍ മൃതദേഹം സ്വന്തം വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സിസിടിവി ക്യാമറകള്‍ ഇല്ലാത്ത സ്ഥലം നോക്കി വണ്ടി പാര്‍ക്ക് ചെയ്ത ശേഷം, ഒരാള്‍ വീല്‍ചെയര്‍ സംഘടിപ്പിച്ച് മൃതദേഹം അതില്‍ ഇരുത്തി വാര്‍ഡ് അറ്റന്‍ഡറെ ഏല്‍പ്പിക്കുകയായിരുന്നു. മറ്റേയാള്‍ ഈ സമയം കാറില്‍ തന്നെ ഇരിക്കുകയായിരുന്നു.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും, വാഹനത്തിന്റെ വിവരങ്ങളും പരിശോധിച്ചാണ് കുവൈറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതികളെ വലയിലാക്കിയത്. അനധികൃതമായി രാജ്യത്ത് താമസിച്ചതിനും മരണവിവരം മറച്ചുവെച്ചതിനും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇരയെ തിരിച്ചറിഞ്ഞതായും അദ്ദേഹത്തിന്റെ കുടുംബത്തെ വിവരമറിയിക്കാനുള്ള നടപടികള്‍ ഇമിഗ്രേഷന്‍ വിഭാഗം ആരംഭിച്ചതായും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *