March 27, 2026

സംസ്‌കൃത പണ്ഡിതന്‍ നീലകണ്ഠ ഭാരതി സ്വാമിയാര്‍ സമാധിയായി

  • January 19, 2026
  • 1 min read

സംസ്‌കൃത പണ്ഡിതന്‍ നീലകണ്ഠ ഭാരതി സ്വാമിയാര്‍ സമാധിയായി

വേദാന്തത്തിലും പുരാണേതിഹാസങ്ങളിലും ജ്യോതിഷത്തിലും മഹാപണ്ഡിതന്‍ ആയിരുന്ന നീലകണ്ഠ ഭാരതി സ്വാമിയാര്‍ സമാധിയായി.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദീര്‍ഘകാലം പുഷ്പാഞ്ജലി സ്വാമിയാര്‍ ആയിരുന്ന മറവഞ്ചേരി തെക്കേടത്തു നീലകണ്ഠ ഭാരതി സ്വാമിയാര്‍ സമാധിയായി. തൃശ്ശൂര്‍ നടുവില്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ ആയിരുന്നു അദ്ദേഹം. ശ്രീശങ്കരാചാര്യരുടെ ശിഷ്യനായ സുരേശ്വരാചാര്യര്‍ തൃശ്ശൂരില്‍ സ്ഥാപിച്ച പുരാതനമായ മഠമാണ് നടുവില്‍ മഠം..1935 സപ്തംബര്‍ 14ന് മറവഞ്ചേരി തെക്കേടത്തു ചിത്രന്‍ നമ്പൂതിരിപ്പാടിന്റെയും നീലി അന്തര്‍ജ്ജനത്തിന്റെയും പുത്രനായി ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. വേദാന്തത്തിലും പുരാണേതിഹാസങ്ങളിലും ജ്യോതിഷത്തിലും മഹാപണ്ഡിതന്‍ ആയിരുന്ന അദ്ദേഹം നല്ലൊരു കവി കൂടിയായിരുന്നു. ധാരാളം ശ്ലോകങ്ങളും മുക്തകങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൂര്‍വ്വാശ്രമത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന അദ്ദേഹം മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 2001 ജൂലൈ ഒന്നിന് അദ്ദേഹം നടുവില്‍ മഠത്തിലെ മേപ്പൊയിലത്ത് അഷ്ടമൂര്‍ത്തി ഭാരതി സ്വാമിയാരില്‍ നിന്ന് സന്ന്യാസം സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായി അവരോധിക്കപ്പെട്ടു. തിരുവിതാംകൂര്‍ മഹാരാജാവ് കൂടി അംഗമായ എട്ടരയോഗത്തിന്റെ അദ്ധ്യക്ഷന്‍ പുഷ്പാഞ്ജലി സ്വാമിയാരാണ്. ആചാരപരമായ കാര്യങ്ങളില്‍ എട്ടരയോഗത്തിന് ഇപ്പോഴും നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. വിഖ്യാത ഭാഗവത പ്രഭാഷകന്മാരായ ഒറവങ്കര അച്യുത ഭാരതി സ്വാമിയാരും മാടശ്ശേരി പാര്‍ത്ഥസാരഥി ഭാരതി സ്വാമിയാരും മറവഞ്ചേരി സ്വാമിയാരുടെ ശിഷ്യന്മാരാണ്. ഒറവങ്കര സ്വാമിയാരാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഇപ്പോഴത്തെ പുഷ്പാഞ്ജലി സ്വാമിയാര്‍.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം സുപ്രീംകോടതിയുടെ നിയന്ത്രണത്തില്‍ ഇരുന്ന കാലത്ത് ബി കല്ലറ തുറക്കുന്നതിനെതിരെ മറവഞ്ചേരി സ്വാമിയാര്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്‌മണ്യത്തിന് നല്കിയ കത്ത് പത്രങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും ചര്‍ച്ചാവിഷയമായിരുന്നു.നാളെ (19-1-26 തിങ്കളാഴ്ച) ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി നടുവില്‍ മഠത്തില്‍ വച്ച് സമാധിയിരുത്തല്‍ ചടങ്ങുകള്‍ ആരംഭിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *