സ്വന്തം കുഞ്ഞിനെ കൊന്ന അമ്മ ശരണ്യ കുറ്റക്കാരി. കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി, കാമുകനെ വെറുതെ വിട്ടു

സ്വന്തം കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന അമ്മ ശരണ്യ കുറ്റക്കാരി. കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി, കാമുകനെ വെറുതെ വിട്ടു
കണ്ണൂര്‍ തയ്യിലില്‍ കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യ കുറ്റക്കാരി. കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാം പ്രതി ശരണ്യയുടെ സുഹൃത്ത് നിധിനെ വെറുതെ വിട്ടു. ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രണ്ടാം പ്രതിയെ വെറുതെ വിട്ടത്. 21ന് ശിക്ഷാ വിധി പറയും.
തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശരണ്യയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ ഉപ്പുവെള്ളത്തിന്റെ അംശം കേസില്‍ നിര്‍ണായക തെളിവായി. ബന്ധത്തിന്റെ പേരില്‍ നിധിന്‍ കൊലപാതകത്തിന് നിര്‍ബന്ധിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി വിമര്‍ശിച്ചു. തെളിവുകള്‍ ശേഖരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ചയുണ്ടായെന്നും കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചെന്നും കോടതി പറഞ്ഞു. പ്രോസിക്യൂട്ടര്‍മാരുടെ നിയമനം രാഷ്ട്രീയ നിയമനം ആകാന്‍ പാടില്ലെന്നും കോടതി വിമര്‍ശിച്ചു.
2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാമുകനൊപ്പം ജീവിക്കാന്‍ ഒന്നരവയസുളള മകന്‍ വിയാനെ കടല്‍ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് അമ്മയായ ശരണ്യ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അകന്നുകഴിഞ്ഞിരുന്ന ഭര്‍ത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടിരുന്നു. വിചാരണയ്ക്കിടെ കോഴിക്കോട് വെച്ച് ശരണ്യ ആത്മഹത്യക്കും ശ്രമിച്ചിരുന്നു. കേസില്‍ 47 സാക്ഷികളെയാണ് വിസ്തരിച്ചത്. മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതിയുടെതാണ് വിധി.


