അസമിൽ ഹിമന്ത ബിശ്വ ശർമ്മ തന്നെ മുഖ്യമന്ത്രി ; മെയ് 12-ന് മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും
ദിസ്പൂർ : അസം നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം കൈവരിച്ചതിന് പിന്നാലെ ഹിമന്ത ബിശ്വ ശർമ്മയെ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (NDA) നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ഇതോടെ ഹിമന്ത തന്നെ വീണ്ടും അസം മുഖ്യമന്ത്രിയാകും എന്ന കാര്യം ഉറപ്പായി. മെയ് 12-ന് ഗുവാഹത്തിയിലെ ഖാനാപാരയിലുള്ള വെറ്ററിനറി ഫീൽഡിൽ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.ഞായറാഴ്ച ഗുവാഹത്തിയിൽ ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ഹിമന്തയെ നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്. ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ, ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനി എന്നിവർ കേന്ദ്ര നിരീക്ഷകരായി യോഗത്തിൽ പങ്കെടുത്തു. ബിജെപിയിലെ എട്ട് മുതിർന്ന എംഎൽഎമാർ ചേർന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹിമന്തയുടെ പേര് നിർദ്ദേശിച്ചു. തുടർന്ന് സഖ്യകക്ഷികളായ അസം ഗണ പരിഷത്തും (AGP) ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും (BPF) തീരുമാനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അസമിലെ 126 അംഗ നിയമസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് അസമിൽ എൻഡിഎ അധികാരം നിലനിർത്തിയത്




