ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സ്ഫോടക വസ്തുക്കൾ ; ഒരാൾ അറസ്റ്റിൽ
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിന് സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തി. മോദി സന്ദർശിച്ച ആർട്ട് ഓഫ് ലിവിംഗ് ഇന്റർനാഷണൽ സെന്ററിന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള കാഗ്ഗലിപുര പോലീസ് സ്റ്റേഷൻ പരിധിയിലെ താതഗുണിയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. കനകപുര റോഡിന് സമീപം രണ്ട് ജലാറ്റിൻ സ്റ്റിക്കുകളാണ് പോലീസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.പ്രധാനമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പ് നടത്തിയ പതിവ് സുരക്ഷാ പരിശോധനയ്ക്കിടയിലാണ് റോഡരികിലെ നടപ്പാതയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ജലാറ്റിൻ സ്റ്റിക്കുകൾ ശ്രദ്ധയിൽപ്പെട്ടത്. സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ ഉടൻ തന്നെ ബോംബ് ഡിസ്പോസൽ സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കോറമംഗല സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എച്ച്.എ.എൽ , ആർട്ട് ഓഫ് ലിവിംഗ് സെന്റർ എന്നിവിടങ്ങളിൽ സ്ഫോടനം നടക്കുമെന്ന് ഇയാൾ പ്രാദേശിക അധികാരികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇയാളെ നിലവിൽ രഹസ്യ കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്തുവരികയാണ്. ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ 45-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് മോദി ബെംഗളൂരുവിൽ എത്തിയത്. ആശ്രമത്തിലെ പുതിയ ധ്യാനമന്ദിരം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ബെംഗളൂരു എച്ച്.എ.എൽ വിമാനത്താവളത്തിന് സമീപം നടന്ന ബി.ജെ.പി റാലിയിലും അദ്ദേഹം സംസാരിച്ചു.




